തിരുവനന്തപുരം: സംസ്ഥാനത്ത് അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍ പരിമിതമായ തോതില്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബസ് സര്‍വീസുകള്‍ ആരംഭിക്കാന്‍ ജൂണ്‍ 8 വരെ കാത്തിരിക്കേണ്ടതില്ലെന്നും ഇപ്പോള്‍ തന്നെ നടപ്പാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
തൊട്ടടുത്ത രണ്ട് ജില്ലകള്‍ക്കിടയില്‍ ബസ് സര്‍വീസ് അനുവദിക്കും. എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാം. സീറ്റിങ് കപ്പാസിറ്റി മുഴുവനായി ഉപയോഗിക്കാന്‍ അനുമതിയുള്ളതിനാല്‍ പഴയ ടിക്കറ്റ് നിരക്ക് മാത്രമായിരിക്കും. ബസ് യാത്രികര്‍ മാസ്‌ക് ധരിക്കണം. വാതിലിനരികില്‍ സാനിറ്റൈസര്‍ ഉണ്ടാകണമെന്നും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാറില്‍ ഡ്രൈവര്‍ക്ക് പുറമേ മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാമെന്നും ഓട്ടോയില്‍ രണ്ട് യാത്രക്കാരെയേ അനുവദിക്കുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സിനിമാ ഷൂട്ടിങ് സ്റ്റുഡിയോയ്ക്ക് ഉള്ളിലും ഇന്‍ഡോര്‍ സ്ഥലത്തുമാകാം. 50 പേര്‍ അധികം പാടില്ല. ചാനലുകളുടെ ഇന്‍ഡോര്‍ ഷൂട്ടിങ്ങില്‍ പരമാവധി ആളുകളുടെ എണ്ണം 25 ആണ്.
Discussion about this post