കൊല്ലം: പത്തനാപുരം പൂമരുതിക്കുഴിയില്‍ കാട്ടാന ആക്രമണം. ആക്രമണത്തില്‍ പഞ്ചായത്ത് അംഗം അടക്കം രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. പഞ്ചായത്ത് മെംബര്‍ സജീവ് റാവുത്തറും ഒപ്പമുണ്ടായിരുന്ന രാജേന്ദ്രനുമാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം.
പൂമരുതിക്കുഴിയില്‍ ആനയിറങ്ങിയതായി പ്രദേശവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പഞ്ചായത്ത് മെംബര്‍ സജീവ് റാവുത്തറും ഒപ്പമുണ്ടായിരുന്ന രാജേന്ദ്രനും സ്ഥലത്തേക്ക് വരുന്നതിനിടയിലാണ് കാട്ടാന ആക്രമിച്ചത്. ഇരുചക്ര വാഹനത്തില്‍ വന്ന ഇരുവരേയും വഴിമധ്യേ കാട്ടാന ആക്രമിച്ചു. ചക്ക തിന്നുകൊണ്ടിരുന്ന ആന തുമ്പിക്കൈ വീശി അടിക്കുകയായിരുന്നു. വാഹനത്തില്‍ നിന്ന് തെറിച്ചു വീണ ഇരുവര്‍ക്കും എഴുന്നേറ്റ് ഓടുന്നതിനിടെ വീണ് പരിക്കേല്‍ക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ രാജേന്ദ്രനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. പ്രദേശത്തെ കൃഷി അടക്കം വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നത് പതിവാണ്. ഇക്കാര്യം നാട്ടുകാര്‍ പരാതിപ്പെട്ട് തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍ അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞുവച്ചു.