കൊച്ചി: കൊച്ചി സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രതി സഫർ ഷായെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് ഉത്തരവ്. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.
കാറിൽ കടത്തിക്കൊണ്ടുപോയ പെൺകുട്ടിയെ തൃശ്ശൂർ വാൽപ്പാറയിൽവെച്ച് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി സഫർ ഷാ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. കേസിൽ കുറ്റപത്രം നൽകിയിട്ടില്ലെന്ന് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു പ്രതി കഴിഞ്ഞ ദിവസം ജാമ്യം നേടിയത്.
കുറ്റപത്രം നൽകിയിട്ടില്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചപ്പോൾ പ്രോസിക്യൂഷനും ഈ വാദം ശരിവെക്കുകയായിരുന്നു. ഗുരുതരമായ കേസിൽ കുറ്റപത്രം വൈകിയതിനെതിരെ കോടതി അന്വേഷണ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാൽ, അന്വേഷണം തുടങ്ങി മൂന്ന് മാസത്തിനുള്ളിൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നുവെന്നും ജാമ്യം റദ്ദാക്കണമെന്നും പോലീസ് ഹൈക്കോടതിയെ ഹർജിയിലൂടെ ബോധ്യപ്പെടുത്തുകയായിരുന്നു.
കുറ്റപത്രം സമർപ്പിച്ച വിവരം മറച്ചുവെച്ചായിരുന്നു പ്രതിഭാഗം ജാമ്യം നേടിയത്. ജനുവരി എട്ടിനാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സഫർഷാ അറസ്റ്റിലാകുന്നത്. ഏപ്രിൽ എട്ടിന് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു.