നെടുമങ്ങാട്: തിരുവനന്തപുരം ആനാട് ഗ്രാമപഞ്ചായത്തില്‍ ഒരാഴ്ചത്തേയ്ക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ആനാട് സ്വദേശിയായ മുപ്പത്തിമൂന്നുകാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.
കഴിഞ്ഞ മാസം 27-ന് ഇയാള്‍ തമിഴ്നാട്ടില്‍ പോയിരുന്നതായും വിവരമുണ്ട്. പെയിന്റിങ് തൊഴിലാളിയായ ഇയാള്‍ 28-ന് മൂന്നു സുഹൃത്തുക്കളുമായി മദ്യപിക്കുകയും ഇതിനിടെ അമിതമായി ഛര്‍ദ്ദിക്കുകയും അവശനാവുകയും ചെയ്യുകയായിരുന്നു. ശേഷം ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയില്‍ ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം ഈ സമയത്ത് ജില്ലാ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗബാധ ഉണ്ടായത്, സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോ, ആരൊക്കെ സമ്പര്‍ക്കത്തില്‍ വന്നു എന്നതടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.
Discussion about this post