കണ്ണൂര്‍: കണ്ണൂര്‍ ആരോഗ്യപ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പോലീസ് നാലു പേര്‍ക്കെതിരെ കേസെടുത്തു. ക്വാറന്റൈന് ലംഘിച്ചെന്ന് പറഞ്ഞ് മാനസികമായി പീഡിപ്പിച്ചതിനാണ് പോലീസ് കേസെടുത്തത്. വ്യാജ പ്രചാരണത്തില്‍ മനംനൊന്ത് ന്യൂമാഹി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകയാണ് ജീവനൊടുക്കിയത്.
രക്തസമ്മര്‍ദ്ദം കുറയാനുള്ള 20 ഗുളികകള്‍ വിഴുങ്ങി ജീവനൊടുക്കാനായിരുന്നു ശ്രമം. ബംഗളൂരുവില്‍ നിന്ന് ഈ മാസം 19ന് വന്ന സഹോദരി സമ്പര്‍ക്കം പുലര്‍ത്തിയവരുമായി ആരോഗ്യപ്രവര്‍ത്തക അടുത്തിടപഴകിയെന്നും ഇവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. അതേസമയം, ഇവര്‍ക്ക് സമ്പര്‍ക്കമില്ലെന്നും ക്വാറന്റൈന് ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് ന്യൂമാഹി പഞ്ചായത്ത് വിശദീകരിച്ചു.
എന്നാല്‍, വെള്ളിയാഴ്ച രാത്രി രക്തസമ്മര്‍ദ്ദം കുറയാനുള്ള ഗുളികകള്‍ അമിതമായി കഴിച്ച് ആരോഗ്യപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചു. കൊവിഡ് തുടങ്ങിയത് മുതല്‍ ലീവ് പോലുമെടുക്കാതെ ജോലി ചെയ്ത തനിക്കെതിരെ സഹപ്രവര്ത്തകന് അപവാദ പ്രചാരണം നടത്തിയെന്ന് വാട്സ്ആപ്പില്‍ കുറിച്ചായിരുന്നു ആത്മഹത്യ ശ്രമം. സഹപ്രവര്‍ത്തകര്‍ക്കയച്ച കുറിപ്പില്‍ പൊതുപ്രവര്‍ത്തകനടക്കം നാല് പേരായിരിക്കും മരിച്ചാല്‍ ഉത്തരവാദികള്‍ എന്നും കുറിച്ചിട്ടുണ്ട്.