തൃശ്ശൂർ: സദാചാര ബോധം കെട്ടുപിണഞ്ഞുകിടക്കുന്ന നാട്ടിൽ അവിവാഹിതയായ സ്ത്രീ പ്രസവത്തിനായി ആശുപത്രിയിൽ എത്തിയാൽ വീട്ടുകാരെ അറിയിക്കൽ അല്ല ആശുപത്രി അധികൃതരുടെ കർത്തവ്യമെന്ന് വിശദീകരിച്ച് ഡോക്ടർ. അവിവാഹിതയായ സ്ത്രീകൾക്ക് പ്രസവിക്കാനും കുഞ്ഞിനെ വളർത്താനും ഇല്ലെങ്കിൽ ദത്തു നൽകാനും അവകാശമുള്ള നാട്ടിലെ ആശുപത്രി അധികൃതരുടെ പെരുമാറ്റവും നൈതികത നിറഞ്ഞതായിരിക്കണമെന്ന് ഡോക്ടർ വീണ ജെഎസ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്:
കുറച്ച് കാലം മുന്നേ ഒരു സ്വകാര്യആശുപത്രിയിൽ ജോലി ചെയ്തപ്പോൾ ഉണ്ടായ അനുഭവം പറയാം. ഇരുപതുകളിൽ പ്രായമുള്ള അവിവാഹിതയായ ഒരു സ്ത്രീ പ്രസവവേദനയുമായി വരുന്നു. പ്രസവസമയം അടുക്കുന്തോറും പുള്ളിക്കാരിയുടെ വീട്ടുകാരെ വിവരം അറിയിക്കാൻ ആയിരുന്നു ആശുപത്രി അധികൃതരുടെ ത്വര. സ്വാഭാവികമാണ്. പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാൽ സമ്മതപത്രം ഒപ്പിടാൻ വീട്ടുകാരെ വിളിച്ചില്ല എന്നുംപറഞ്ഞു ഡോക്ടർമാരെയും ആശുപത്രിയും അടിച്ചുതാറുമാറാക്കാൻ ആളുകൾ ജാഥയായെത്തുമല്ലോ.. എന്തായാലും പ്രസവം കഴിയുമ്പോഴേക്കും വീട്ടുകാരെത്തി. അവിവാഹിതയായ സ്ത്രീ പ്രസവിച്ചതിനാൽ ആകും ആ ആഘാതത്തിൽ അവളുടെ അച്ഛന് ഹാർട്ട് അറ്റാക്ക് വന്നു ഐസിയുവിൽ ആയി. പിന്നീടുള്ള കഥകൾ എല്ലാം ഓരോരുത്തരുടെ മനോധർമത്തിനു വിടുന്നു.
ഒരു അവിവാഹിത പ്രസവവേദനയുമായി വന്നാൽ അവിടെ നൈതികമായി ചെയ്യേണ്ടുന്ന കാര്യങ്ങൾ എങ്ങനെയൊക്കെ ആവാം? വിവാഹിത ഒറ്റയ്ക്ക് വന്നാലും ഇതേകാര്യം ചെയ്യാവുന്നതേയുള്ളൂ.
1) വീട്ടുകാരെ വിളിക്കണോ, വിളിക്കുന്നതിൽ എതിർപ്പുണ്ടോ എന്ന് അവളോട്തന്നെ ചോദിക്കുക.
2) അവൾ ഓക്കേ ആണെങ്കിൽ മാത്രം വീട്ടുകാരെ വിളിക്കുക. ഇല്ലെങ്കിൽ ഒരു താത്കാലികരക്ഷിതാവിനെ കണ്ടെത്തണം. ബുദ്ധിമുട്ടാണെങ്കിലും ഇത് പിന്തുടരണം. ഉദാഹരണത്തിന് ലൈംഗികഅതിക്രമം നടന്ന കുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുവരുമ്പോൾ കുട്ടിയുടെ രക്ഷിതാവ് കൂടെയില്ലെങ്കിൽ രക്ഷിതാവിനെ അറേഞ്ച് ചെയ്യേണ്ടത് ഹോസ്പിറ്റൽ അധികാരിയുടെ കടമയാണ്. രോഗിയുടെ സ്വയം നിർണയാവകാശം കേസ് ഷീറ്റിൽ രേഖപ്പെടുത്തിയാൽ ഏത് കോടതിയും ഡോക്ടറിന്റെ സദുദ്ദേശ്യം മാനിക്കും. നേരെ മറിച്ചു തന്റെ അനുവാദം ഇല്ലാതെയാണ് ഡോക്ടർ അവരുടെ അച്ഛനമ്മമാരെ വിളിച്ച് വരുത്തിയതെങ്കിൽ സ്ത്രീ കേസ് കൊടുത്താൽ ഡോക്ടർ കുടുങ്ങും. നഷ്ടപരിഹാരം നൽകേണ്ടിവരും. പക്ഷേ, അടിസ്ഥാനവൈദ്യനൈതികത അറിയാത്ത സിസ്റ്റം ആണെങ്കിൽ ഡോക്ടർ രക്ഷപെടും സ്ത്രീ വീണ്ടും അവഹേളിക്കപ്പെടും. സംശയമില്ല.
3) സംസ്ഥാനത്തിന്റെ ജൻഡർ അഡ്വൈസറിനെ വിളിക്കുക. അവരോടു ഇങ്ങനെയൊരു സംഭവം നടന്നതായി പറയുക. Women and child department ൽ നിന്ന് എന്തെങ്കിലും ഒരുത്തരം ലഭിക്കാതിരിക്കില്ല. സ്ത്രീയെയും കുഞ്ഞിനേയും സുരക്ഷിതമാക്കി താമസിപ്പിക്കാനുള്ള സാഹചര്യങ്ങൾ നമുക്കുണ്ട്. ആവശ്യമെങ്കിൽ, കുഞ്ഞിന്റെ ദത്തുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിഗണിക്കാവുന്നതാണ്.
4) കുഞ്ഞിനെ പ്രതി സ്ത്രീക്കുള്ള മാനസികവ്യവഹാരങ്ങൾ ചോദിച്ചറിയാൻ ശ്രമിക്കുക. പാലൂട്ടാൻ തയ്യാറാണോ എന്നതുൾപ്പെടെ ചോദിക്കണം. ഏത് സാഹചര്യത്തിലാണ് അവിവാഹിതയായ യുവതിക്ക് ഗർഭം തുടരേണ്ടിവന്നത് എന്ന കാര്യം മറ്റാർക്കും അറിയില്ലല്ലോ? അതുകൊണ്ടാണ് എല്ലാം ചോദിക്കേണ്ടി വരുന്നത്. ‘മുലയൂട്ടിയില്ലെങ്കിൽ ഭാവിയിൽ സ്തനാർബുദം വന്നേക്കാം’ എന്നൊന്നും സ്ത്രീയെ ഭീഷണിപ്പെടുത്തരുത്. ലൈംഗികഅതിക്രമത്തിനിരയായി ഗർഭം തുടരേണ്ടിവന്ന ഒരു സ്ത്രീയെ ഇത്തരത്തിൽ നിർബന്ധിച്ച കാര്യത്തെപ്പറ്റി ഒരു ഒഫീഷ്യലിൽനിന്ന് കേട്ടിട്ടുണ്ട്. കുഞ്ഞിന്റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. പക്ഷേ അതിനുവേണ്ടി സ്ത്രീക്ക് സാധ്യമല്ലാത്ത കാര്യത്തിന് വേണ്ടി നിർബന്ധിക്കരുത്. ഒരു പ്രാവശ്യം പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നതും നിര്ബന്ധിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട് എന്ന് മനസിലാക്കുക. കുഞ്ഞിന് breast milk formula ലഭ്യമാക്കാനുള്ള സാഹചര്യം നമുക്കുണ്ടല്ലോ?
5) പ്രസവിച്ച സ്ത്രീ എന്ത് ചെറിയ ലക്ഷണങ്ങൾ കാണിച്ചാലും അത് ലളിതവൽക്കരിക്കാതെ (functional disorder) ഇരിക്കുക. മാനസികരോഗവിദഗ്ധൻ വന്നുകണ്ടു രോഗമില്ല/സ്ത്രീ വളരെ stable ആണ് എന്നൊക്കെ പറഞ്ഞാലും പ്രസവശേഷം സ്ത്രീ കാണിക്കുന്ന ഓരോ ചെറിയ ലക്ഷണവും ഗൗരവമായി എടുക്കുക. പ്രത്യേകിച്ചും അവിവാഹിതയായ, പ്രസവിച്ച സ്ത്രീ ഭാവിയിലേക്ക് നോക്കുമ്പോൾ വളരെ നെഗറ്റീവ് ആയ കാര്യങ്ങൾ മാത്രം പ്രതിഫലിപ്പിക്കുന്ന നാടാണിതെന്നതുകൊണ്ട് മാത്രം.
6) ‘ആരാ കൊച്ചിന്റെ അച്ഛൻ’ എന്നും ‘എങ്ങനെ ഉണ്ടായി’ എന്നൊക്കെ ചോദിക്കാതിരിക്കുക. കാരണം ആരെങ്കിലുമൊക്കെ അച്ഛൻ ആയി ഉണ്ടാകും എന്നും എങ്ങനെ ഉണ്ടാകുന്നു? എന്നൊക്കെ നമുക്ക് അറിയാമല്ലോ. ഈ സ്ത്രീയോട് മാക്സിമം ചോദിക്കാൻ പറ്റുന്നത് ‘എന്തെങ്കിലും പറയാനുണ്ടോ? എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? നിയമപരമായ സഹായം ആവശ്യമുണ്ടോ? എന്ത് ബുദ്ധിമുട്ടാണെങ്കിലും സഹായിക്കാൻ സിസ്റ്റം കൂടെയുണ്ട് കേട്ടോ’ എന്നതും മാത്രമാണ്.
7) കൂടുതൽ കരുതൽ നൽകുക
8) വീട്ടുകാരോട് സംസാരിക്കാൻ താല്പര്യമുണ്ടെങ്കിൽ വിളിക്കാം എന്ന ഉറപ്പും നൽകുക.
9) കൗൺസിലിങ് നൽകിയ ശേഷം മാത്രം വീട്ടുകാർക്ക് പ്രവേശനം നൽകുക. കൂർത്തുമൂർത്തവാക്കുകൾ ഉപയോഗിക്കാൻ സമ്മതിക്കരുത്. ഡോക്ടറോ നഴ്സോ കൂടെ നിൽക്കാൻ ശ്രമിക്കുക. ഡോക്ടർക്കോ നഴ്സിനോ സ്ത്രീയെ കാണുന്ന രീതിയിൽ മാത്രം വീട്ടുകാർക്ക് സംസാരിക്കാൻ അവസരം നൽകുക. അവിവാഹിതയായ മകൾ പ്രസവിച്ചതിൽ മനംനൊന്തു അവളെ കൊല്ലാനോ അവളുടെ മുന്നിൽ വെച്ചു സ്വയം തൂങ്ങിച്ചാകാനോ പോലും മടിയില്ലാത്ത വിധം മാതാപിതാക്കളെ സദാചാരം കെട്ടുപിണച്ചുശ്വാസം മുട്ടിക്കുന്ന നാടാണ് ഇതെന്ന് മറക്കരുത്.
DrVeenaJS
Discussion about this post