തിരുവനന്തപുരം: മദ്യപിക്കുന്നതിനിടെ അവശനായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. പെയിന്റിങ് തൊഴിലാളിയായ ആനാട് സ്വദേശിയാണ് മേയ് 28 ന് മൂന്നു സുഹ്യത്തുക്കളുമായി മദ്യപിക്കുന്നതിനിടയിൽ ഛർദ്ദിച്ചു കുഴഞ്ഞുവീണത്. തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പ്രാഥമിക പരിശോധനയിൽ രോഗ സാധ്യത കണ്ടെത്തിയതിനാൽ മെഡിക്കൽകോളജിലേക്കു മാറ്റി.
ഇന്നലെ പരിശോധന ഫലം വന്നപ്പോൾ പോസിറ്റീവായി. ഇദ്ദേഹം 27 ന് തമിഴ്നാട്ടിൽ പോയതായി കണ്ടെത്തിയിട്ടുണ്ട്. രോഗമുണ്ടായത് എങ്ങനെയെന്നു സ്ഥീകരിക്കാനും സമ്പർക്കമുണ്ടായവരെ കണ്ടെത്തുന്നതിനും നടപടികൾ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു . അതേസമയം, ഇദ്ദേഹത്തെ പരിശോധിച്ച നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ഉൾപ്പെടെ 10 ആരോഗ്യപ്രവർത്തകർ ക്വാറന്റൈനിൽ പ്രവേശിക്കുകയും ചെയ്തു.
ജില്ലയിൽ ഇന്നലെ നാലു പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 27 ന് കുവൈറ്റിൽ നിന്നു നെടുമ്പാശേരി വഴി വന്ന കാട്ടാക്കട സ്വദേശിനി(54), 28 ന് കുവൈറ്റിൽ നിന്നെത്തിയ കാട്ടാക്കട സ്വദേശിനി(40), കുവൈറ്റിൽ നിന്ന് 30 ന് എത്തിയ ആലങ്കോട് കരവാരം സ്വദേശി (42), ആനാട് സ്വദേശി (33) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിൽ ഉണ്ടായിരുന്ന തലസ്ഥാനവാസിയായ ഒരാൾ രോഗമുക്തി നേടി. ജില്ലയിൽ 42 കോവിഡ് രോഗികളാണ് ഉള്ളത്.
Discussion about this post