കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ മുഖ്യ തെളിവായ മെമ്മറി കാര്‍ഡും ഒപ്പം മറ്റും തെളിവുകളും തനിയ്ക്ക് വേണമെന്ന ആവശ്യവുമായി ദിലീപ് സുപ്രീംകോടതിയില്‍. കേസിലെ തെളിവുകള്‍ കിട്ടാന്‍ തനിക്ക് അവകാശമുണ്ടെന്നും ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ദിലീപിന് വേണ്ടി മുകുള്‍ റോത്തഗിയാണ് ഹാജരാകുക. ഡിസംബര്‍ 15 നുശേഷം കോടതി അവധിയായതിനാല്‍ അതിനകം കോടതിയുടെ പരിഗണനയ്ക്ക് എത്തിക്കാനാണ് അഭിഭാഷകന്റെ ശ്രമം.
നേരത്തെ ഹൈക്കോടതിയിലും കീഴ്കോടതിയിലും ഇതേ ആവശ്യം ദിലീപ് ഉന്നയിച്ചുവെങ്കിലും കോടതി അത് നിരസിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അടക്കമുള്ളവ നല്കാന് കോടതി വിസമ്മതിച്ചിരുന്നു. ഇവ പുറത്തുപോയാല്‍ ഇരയ്ക്ക് ഭീഷണിയുണ്ടെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചായിരുന്നു തീരുമാനം.
നടി ആക്രമിക്കപ്പെട്ട കേസിലെ ഏറ്റവും പ്രധാന തെളിവായി പോലീസ് കോടതിയില്‍ സമര്‍പ്പിച്ചവയാണ് മെമ്മറി കാര്‍ഡും മറ്റ് ഡിജിറ്റല്‍ തെളിവുകളും. ഈ ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നിട്ടുണ്ടെന്നാണ് ദിലീപിന്റെ വാദം. തന്റെ അറിവോ ഇടപെടലോ കേസില്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ദൃശ്യങ്ങള്‍ കാണാനും പകര്‍പ്പ് ലഭിക്കാനും അവകാശമുണ്ടെന്ന് ദിലീപ് ഹര്‍ജിയില്‍ പറയുന്നു.
Discussion about this post