തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പഠനരീതിയുമായി മറ്റൊരു അധ്യയന വർഷത്തിന് ആരംഭം. ജൂൺ ഒന്നിന് ഓൺലൈനിലൂടെയാണ് പഠനം ആരംഭിച്ചിരിക്കുന്നത്. പഠനം കുട്ടികളിൽ എത്തുന്നുണ്ടെന്ന് ടീച്ചർമാർ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓർമ്മിപ്പിച്ചു. കുട്ടികൾ ക്ലാസിൽ പങ്കെടുക്കുന്നുവെന്നത് മാതാപിതാക്കളും ശ്രദ്ധിക്കണം. ഓൺലൈൻ പഠനം പൂർണമല്ല, തുടക്കം മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് വ്യാപനം തുടരുന്നതിനാലാണ് കുട്ടികൾ സ്കൂളിലും കോളേജിലും എത്താതെ ഒരു അധ്യയന വർഷത്തിന് തുടക്കമിട്ടിരിക്കുന്നത്. സ്കൂൾ പാഠങ്ങൾ ടിവി ചാനലിലൂടെയും കോളജ് ക്ലാസുകൾ ഓൺലൈനായുമാണ് വിദ്യാർത്ഥികളിലേക്കെത്തുക.
ഓൺലൈൻ സൗകര്യമില്ലാത്തവർക്ക് പഠനത്തിന് പകരം സംവിധാനം ഒരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. ഇതിന് തദേശസ്ഥാപനങ്ങളുടെ സഹകരണം തേടുമെന്നും മന്ത്രി വ്യക്തമാക്കി.
ഓൺലൈൻ ക്ലാസുകൾ സ്കൂൾ വിദ്യാഭ്യാസത്തിന് ബദൽ അല്ലെന്നും കുട്ടികളെ പഠനബോധന പ്രക്രിയയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം വെക്കുന്നതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു പ്രതികരിച്ചു. സമഗ്രശിക്ഷയുടെ കണക്കെടുപ്പ് പ്രകാരം രണ്ടര ലക്ഷത്തോളം കുട്ടികൾക്ക് നിലവിലെ ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കാൻ സാധിക്കില്ലെന്നും എന്നാൽ വിവിധ ഏജൻസികളുടെ സഹായത്തോടെ ഇവരിലേക്ക് കൂടി എത്തിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൈറ്റ് വികടേഴ്സ് ചാനലിലൂടെയും വെബ്സൈറ്റ് വഴിയുമാണ് പഠന സംവിധാനം ഒരുക്കിയിരിക്കുന്നത്. സ്റ്റേറ്റ് സിലബസിലുള്ള കുട്ടികൾക്കായാണ് ക്ലാസുകൾ ഒരുക്കിയിരിക്കുന്നത്. അതേസമയം സിബിഎസ്ഇ, ഐസിഎസ്സി സിലബസുകാർക്ക് സ്കൂളുകൾ കേന്ദ്രീകരിച്ചായിരിക്കും പഠനം. ആദിവാസി മേഖലകളിൽ ഒരാഴ്ചക്കുള്ളിൽ പഠനസൗകര്യം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post