തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ സാന്നിധ്യത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പരക്കെ മഴ തുടരുകയാണ്. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം അറബിക്കടലില്‍ രണ്ട് ന്യൂനമര്‍ദ്ദങ്ങളാണ് നിലവില്‍ രൂപപ്പെട്ടിരിക്കുന്നത്. ഇതിലൊന്ന് പടിഞ്ഞാറന്‍ തീരത്തും രണ്ടാമത്തെ ന്യൂനമര്‍ദ്ദം ലക്ഷദ്വീപിനും കേരളത്തിനുമിടയിലുമാണ് രൂപപ്പെട്ടിരിക്കുന്നത്. കേരളാ തീരത്തെ ന്യൂനമര്‍ദ്ദം കഴിഞ്ഞ 48 മണിക്കൂറില്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചിട്ടുണ്ട്. ഇതു നാളെയോടെ നിസര്‍ഗ ചുഴലിക്കാറ്റാവും എന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ കാലവര്‍ഷം എത്തിയതായുള്ള ഔദ്യോഗിക പ്രഖ്യാപനവും ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വാര്‍ത്തസമ്മേളനം വിളിച്ചിട്ടുണ്ട്.
അതേസമയം മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ ജൂണ്‍ 4 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Discussion about this post