സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും; ഓരോ വിഷയത്തിനും അരമണിക്കൂര്‍ നീളുന്ന ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. ഓരോ വിഷയത്തിനും അരമണിക്കൂര്‍ നീളുന്ന ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയാണ് സംപ്രേഷണം ചെയ്യുക. ആദ്യ ക്ലാസ് പ്ലസ്ടുകാര്‍ക്കാണ്. രാവിലെ എട്ടരയ്ക്ക്.

ആദ്യ ആഴ്ചയില്‍ ട്രയല്‍ സംപ്രേഷണമാണ് നടക്കുക. ഇന്നത്തെ ക്ലാസുകള്‍ അതേ ക്രമത്തില്‍ ജൂണ്‍ എട്ടിന് പുനഃസംപ്രേഷണം ചെയ്യുകയും ചെയ്യുന്നുണ്ട്. അതേസമയം സ്വന്തമായി ടിവിയോ സ്മാര്‍ട്‌ഫോണോ ഇന്റര്‍നെറ്റോ ഇല്ലാത്ത കുട്ടികള്‍ക്ക് പ്രഥമാധ്യാപകര്‍, തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും പിടിഎകളുടെയും സഹായത്തോടെ അത് ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കൈറ്റ് സ്‌കൂളുകളില്‍ ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്ടോപ്പുകള്‍, 7000 പ്രോജക്ടറുകള്‍, 4545 ടെലിവിഷനുകള്‍ തുടങ്ങിയവ സൗകര്യങ്ങളില്ലാത്ത ഇടങ്ങളിലെത്തിച്ച് ഉപയോഗിക്കാന്‍ അനുവാദം നല്‍കുമെന്നാണ് കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചത്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥും പ്രതികരിച്ചു.

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ www.victers.kite.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി. ഫേസ്ബുക്ക് ലിങ്ക് facebook.com/Victerseduchannel . കേബിള്‍/ഡി.ടി.എച്ച്. ഏഷ്യാനെറ്റ് ഡിജിറ്റല്‍-ചാനല്‍ നമ്പര്‍- 411, ഡെന്‍ നെറ്റ്വര്‍ക്ക് ചാനല്‍ നമ്പര്‍- 639, കേരള വിഷന്‍ ചാനല്‍ നമ്പര്‍ 42, ഡിജി മീഡിയ ചാനല്‍ നമ്പര്‍- 149, സിറ്റി ചാനല്‍ ചാനല്‍ നമ്പര്‍- 116, വീഡിയോകോണ്‍ ഡിടിഎച്ച്, ഡിഷ് ടിവിയിലും ചാനല്‍ നമ്പര്‍-642, യുട്യൂബ് ചാനല്‍ youtube.com/ itsvicters (സംപ്രേഷണത്തിനുശേഷം)

ഓണ്‍ലൈന്‍ ക്ലാസുകളുടെ ഇന്നത്തെ ടൈംടേബിള്‍ ഇപ്രകാരമാണ്,
പ്ലസ്ടു: 8.30- ഇംഗ്ലീഷ്, 9.00- ജ്യോഗ്രഫി, 9.30- മാത്തമാറ്റിക്സ്, 10- കെമിസ്ട്രി.
പത്താംക്ലാസ്: 11- ഭൗതികശാസ്ത്രം, 11.30- ഗണിതശാസ്ത്രം, 12- ജീവശാസ്ത്രം
ഒമ്പതാംക്ലാസ്: 4.30- ഇംഗ്ലീഷ്, 5- ഗണിതശാസ്ത്രം
എട്ടാംക്ലാസ്: 3.30- ഗണിതശാസ്ത്രം, 4- രസതന്ത്രം
ഏഴാംക്ലാസ്: 3- മലയാളം, ആറാംക്ലാസ്: 2.30- മലയാളം, അഞ്ചാംക്ലാസ്: 2- മലയാളം, നാലാംക്ലാസ്: 1.30- ഇംഗ്ലീഷ്, മൂന്നാംക്ലാസ്: 1- മലയാളം, രണ്ടാംക്ലാസ്: 12.30- ജനറല്‍, ഒന്നാംക്ലാസ്: 10.30- പൊതുവിഷയം. പന്ത്രണ്ടാംക്ലാസിലുള്ള നാലുവിഷയങ്ങളും രാത്രി ഏഴുമുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങള്‍ വൈകുന്നേരം 5.30 മുതലും ഇന്ന് തന്നെ ഇതേ ക്രമത്തില്‍ പുനഃസംപ്രേഷണമുണ്ടായിരിക്കും. മറ്റു ക്ലാസുകളിലെ വിഷയങ്ങളുടെ പുനഃസംപ്രേഷണം ശനിയാഴ്ചയായിരിക്കും ഉണ്ടായിരിക്കുക.

Exit mobile version