തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിലും ജൂണ്‍ ഒന്ന് മുതല്‍ അധ്യയനവര്‍ഷം ആരംഭിക്കുകയാണ്. ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെടി ജലീല്‍ നിര്‍വഹിക്കും. തിരുവനന്തപുരം സംസ്‌കൃത കോളേജിലെ ഒറൈസ് കേന്ദ്രത്തില്‍ കൂടി മന്ത്രി ലൈവ് ക്ലാസ് നടത്തും. രാവിലെ 8.30 മുതലാണ് ക്ലാസ്.
ഒറൈസ് സംവിധാനമുള്ള 75 സര്‍ക്കാര്‍ കോളേജുകളിലും മറ്റുള്ളവര്‍ക്ക് (https://asapkerala.webex.com/asapkerala/onstage/g.php?MTID=ec0c9475a883464d05dae21f955272668) ഈ ലിങ്കിലും ക്ലാസ് തത്സമയം ലഭിക്കും. അക്കാദമിക് കലണ്ടറിന്റെ അടിസ്ഥാനത്തില്‍ ടൈംടേബിളുകള്‍ തയ്യാറാക്കി. രാവിലെ 8.30ന് തുടങ്ങി ഉച്ചയ്ക്ക് 1.30 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം.
അധ്യാപകര്‍ ഓണ്‍ലൈനില്‍ കൂടി ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും. കോളേജ് സ്ഥിതിചെയ്യുന്ന ജില്ലയിലെ അധ്യാപകര്‍, പ്രിന്‍സിപ്പല്‍ നിശ്ചയിക്കുന്ന റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ കോളേജുകളില്‍ ഹാജരാകുകയും മറ്റുള്ളവര്‍ വീടുകളിലിരുന്നും ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും. സാങ്കേതിക സംവിധാനങ്ങളുടെയും ഇന്റര്‍നെറ്റിന്റെയും ലഭ്യതയെ അടിസ്ഥാനമാക്കി മുഴുവന്‍സമയ ലൈവ് ക്ലാസ്സുകള്‍ നല്‍കും.
അധ്യാപകന്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്ന വീഡിയോകളോ മറ്റു പ്രഗത്ഭര്‍ നയിക്കുന്ന ക്ലാസുകളുടെ വീഡിയോകളോ കുട്ടികള്‍ക്ക് നല്‍കും. നിശ്ചിത ഇടവേളകളില്‍ ലൈവ് ക്‌ളാസ്സുകള്‍ വഴി നേരിട്ട് ആശയ സംവാദം നടത്തും. ഫ്ളിപ് ക്ലാസ് റൂം പഠനരീതി വഴി മുഴുവന്‍ സമയവും ലൈവ് ക്ലാസ്സ്‌റൂം ലഭ്യമാകുന്നതിനുള്ള പരിമിതികള്‍ ഒരളവുവരെ മറികടക്കാന്‍ സാധിക്കും. നിശ്ചിത ഇടവേളകളിലെങ്കിലും അധ്യാപക-വിദ്യാര്‍ത്ഥി സംവാദം ഉറപ്പിക്കാനുമാകുമെന്നാണ് കണക്കുകൂട്ടല്‍.
ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് വേണ്ട സാങ്കേതിക സംവിധാനങ്ങള്‍ ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ ലഭ്യമാക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ കോളേജുകളിലോ അടുത്തുള്ള മറ്റു സ്ഥാപനങ്ങളിലോ ഒരുക്കേണ്ട ചുമതല പ്രിന്‍സിപ്പല്‍മാര്‍ക്കാണ്. സൂം, ഗൂഗിള്‍ ക്ലാസ് റൂം, മൈക്രോസോഫ്റ്റ് ടീം, വെബിക്‌സ് തുടങ്ങിയ വീഡിയോ കോണ്‍ഫറന്‍സിങ് സങ്കേതങ്ങള്‍ പ്രയോജനപ്പടുത്താം.
ഓരോ അധ്യാപകനും എടുത്ത ക്ലാസുകളെ കുറിച്ചും അധ്യാപന രീതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ആഴ്ചയിലൊരിക്കല്‍ വകുപ്പ് മേധാവികള്‍ പ്രിന്‍സിപ്പളിനെ ഏല്‍പ്പിക്കണം. വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ടെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം. ഓണ്‍ലൈന്‍ ക്ലാസുകളുടെ ഫലപ്രാപ്തിയെകുറിച്ച് ഫീഡ് ബാക്കും നടത്തും.
Discussion about this post