ഗള്‍ഫില്‍ കൊവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നു; ഇന്ന് രണ്ട് പേര്‍ കൂടി മരിച്ചു; ഇതുവരെ മരിച്ചത് 151 പേര്‍

കുവൈത്ത് സിറ്റി: ഗള്‍ഫില്‍ കൊവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ഒരാള്‍ കുവൈത്തിലും ഒരാള്‍ ഒമാനിലുമാണ് മരിച്ചത്. പത്തനംതിട്ട വല്ലന സ്വദേശി പവിത്രന്‍ ദാമോദരനാണ് കുവൈത്തില്‍ മരിച്ചത്. 52 വയസായിരുന്നു. ഇതോടെ കുവൈത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 29 ആയി. കൊല്ലം അഞ്ചല്‍ സ്വദേശി വിജയനാഥാണ് ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 68 വയസായിരുന്നു.

ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 151 ആയി ഉയര്‍ന്നു. ഇന്നലെ മൂന്ന് മലയാളികള്‍ കൊവിഡ് ബാധിച്ചു മരിച്ചിരുന്നു. കുവൈത്തില്‍ രണ്ട് പേരും ദുബായില്‍ ഒരാളുമാണ് ഇന്നലെ മരിച്ചത്. കോഴിക്കോട് വടകര ലോകനാര്‍കാവ് സ്വദേശി അജയന്‍ പത്മനാഭന്‍ ആണ് കുവൈത്തില്‍ മരിച്ച ഒരാള്‍. പത്തനംതിട്ട കോഴഞ്ചേരി നാരങ്ങാനം, കാവുങ്കല്‍ ശശികുമാര്‍ (52) ആണ് മരിച്ച രണ്ടാമത്തെയാള്‍. പത്തനംതിട്ട റാന്നി സ്വദേശി തോമസ് തച്ചിനാലില്‍ ദുബായിലുമാണ് മരിച്ചത്.

ഗള്‍ഫില്‍ കൊവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരികയാണ്. കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവാണ് ദിനം പ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്.

Exit mobile version