‘രാമച്ചം ബാത്ത് സ്‌ക്രബ്’ ബിസിനസ്സിലേക്ക് കാലുകുത്തി ഹണി റോസ്..! ലക്ഷ്യം നാട്ടിലെ സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും ജീവിത വരുമാനം ഉണ്ടാക്കുക; കൈയ്യടിച്ച് ആരാധകര്‍

കൊച്ചി: നടന്‍ ധര്‍മ്മജന് പിന്നാലെ ബിസിനസ്സ് രംഗത്ത് കാലുകുത്തി മലയാളികളുടെ പ്രിയ നായിക ഹണി റോസ്. സിനിമയില്‍ കൈനിറയേ അവസരങ്ങള്‍ വന്ന് നന്നായി സമ്പാദിച്ച ശേഷം താരങ്ങള്‍ അടുത്ത് കൈവയ്ക്കുന്ന ഒന്നാണ് ബിസിനസ്. നേരത്തെ കുഞ്ചാക്കോ ബോബന്‍, ലെന, ആസിഫ് അലി തുടങ്ങിയ താരങ്ങള്‍ തങ്ങളുടെ മികവ് തെളിയിച്ചതാണ്. എന്നാല്‍ ഈ ചെറിയ പ്രായത്തില്‍ തന്നെ തന്റെ ബിസിനസിലെ കഴിവ് തെളിയിക്കുന്നു ഹണി.

സിനിമാ നിര്‍മ്മാണവും റിയല്‍ എസ്‌റ്റേറ്റും ഹോട്ടലുമാണ് പുരുഷ താരങ്ങള്‍ ആരംഭിക്കുന്നതെങ്കില്‍ ബൊട്ടിക്കും ഡാന്‍സ് സ്‌കൂളും പരസ്യ കമ്പനിയുമാണ് സ്ത്രീകളായ താരങ്ങള്‍ മിക്കവാറും ആരംഭിക്കുക. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ഥമായ ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം ഹണി റോസ്.

ഹണി എന്ന ബ്രാന്‍ഡ് നെയിമില്‍ രാമച്ചം കൊണ്ടുള്ള ബാത്ത് സ്‌ക്രബാണ് ഹണി വിപണിയിലെത്തിക്കുന്നത്. തന്റെ നാട്ടിലെ കുറേ സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും ജീവിത വരുമാനമാകുമെന്ന സന്തോഷവുമുണ്ട്. നൂറുശതമാനം പ്രകൃതിദത്തമായ രാമച്ചം ഉപയോഗിച്ച് നിര്‍മ്മിച്ച സ്‌ക്രബര്‍ ഹണി ബ്രാന്‍ഡില്‍ ഇനി വിപണിയിലെത്തും. സംരംഭത്തിന്റെ വിപണനോദ്ഘാടനം ഡിസംബര്‍ ഒന്നിനു വൈകിട്ട് നാലിനു ലുലു മാളില്‍ നടക്കും. സിനിമാ രംഗത്തെ ഏതാനും സഹപ്രവര്‍ത്തകര്‍ ചടങ്ങിനെത്തും. ഉദ്ഘാടകന്‍ ആരെന്നത് സര്‍പ്രൈസ് ആയിരിക്കുമെന്ന് ഹണി റോസ് അറിയിച്ചു.

ഹണിയുടെ പിതാവ് വര്‍ഗീസ് തോമസ് 20 വര്‍ഷമായി രാമച്ചം ഉപയോഗിച്ചുള്ള ബാത്ത് സ്‌ക്രബറുകളുടെ ഉല്‍പാദന വിപണന മേഖലയിലുണ്ട്. മാതാവ് റോസ് തോമസാണ് ഉത്പാദനം നോക്കി നടത്തിയിരുന്നത്. രാമച്ചത്തിന്റെ ലഭ്യതക്കുറവ് മേഖലയ്ക്ക് തിരിച്ചടിയാണെങ്കിലും മികച്ച വില നല്‍കി കൂടുതല്‍ കര്‍ഷകരെ ഈ രംഗത്തേയ്ക്ക് കൊണ്ടുവരുന്നതിനു സാധിക്കുന്നുണ്ടെന്ന് തോമസ് പറയുന്നു.

രാമച്ചം സ്‌ക്രബറിനൊപ്പം സിന്തറ്റിക് മോഡലും വിപണിയിലെത്തിക്കുന്നുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയും മറ്റും പ്രാദേശിക വിപണിയിലെത്തിക്കാനാണ് തീരുമാനം. ഉല്‍പന്നത്തിന്റെ കയറ്റുമതി സാധ്യതയും പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version