കണ്ണൂര്‍: കണ്ണൂരില്‍ ആരോഗ്യപ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു. ക്വാറന്റൈന്‍ ലംഘിച്ചെന്ന പ്രചാരണത്തില്‍ മനംനൊന്താണ് മാഹി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തക ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. നിലവില്‍ ഇവരുടെ സ്ഥിതി ഗുരുതരമാണ്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
രക്തസമ്മര്‍ദ്ദത്തിനുള്ള ഇരുപത് ഗുളിക ഒരുമിച്ച് കഴിച്ചാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരുടേതെന്ന പേരിലുള്ള ആത്മഹത്യാക്കുറിപ്പും ഇപ്പോള്‍ വാട്‌സ്ആപ്പ് വഴി പ്രചരിക്കുന്നുണ്ട്. തന്റെ മരണത്തിന് ഉത്തരവാദികള്‍ സഹപ്രവര്‍ത്തകന്‍ ഉള്‍പ്പടെ നാല് പേരാണെന്ന് കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. ശുചിത്വം പാലിക്കാതെയും അശ്രദ്ധമായും താന്‍ ജോലി ചെയ്‌തെന്നാണ് ചിലര്‍ കുപ്രചരണം നടത്തുന്നതെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും കുറിപ്പില്‍ പറയുന്നുണ്ട്. ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന തന്നോട് ചിലര്‍ എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് അറിയില്ല.
കഴിഞ്ഞ മൂന്നു മാസത്തിലധികമായി ഒരു അവധി പോലും എടുക്കാതെ രോഗീപരിചരണം നടത്തുന്ന തനിക്കെതിരെ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. താന്‍ വീടുകളില്‍ പോയി രോഗികളെ പരിചരിക്കാറുണ്ട്. അവിടെനിന്നൊന്നും ഇന്നു വരെ ഒരു പരാതിയും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലഭിച്ചിട്ടില്ല. തന്നെപ്പോലുള്ള കമ്മ്യൂണിറ്റി നഴ്‌സുമാരുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്.
Discussion about this post