തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതിയിലേയ്ക്ക്. വിജിലന്‍സ് കോടതിയില്‍ ഇത് സംബന്ധിച്ച് ഇന്ന് ഹര്‍ജി നല്‍കാനാണ് തീരുമാനം. മുഖ്യമന്ത്രിയെയും എക്സൈസ് മന്ത്രിയയെും പ്രതിയാക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത്.
കേസെടുക്കാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണ്ടെന്നും ആവശ്യപ്പെടും. രമേശ് ചെന്നിത്തല നേരിട്ടെത്തിയാണ് കോടതിയില്‍ പരാതി നല്‍കുക. നേരത്തെ, ബ്രൂവറി അഴിമതി ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവിന്റെ ആവശ്യം ഗവര്‍ണര്‍ പി സദാശിവം തള്ളിയിരുന്നു.
മുഖ്യമന്തിയുടെ വിശദീകരണവും ഹൈക്കോടതി വിധിയും കണക്കിലെടുത്താണ് നടപടി. അന്വേഷണം ആവശ്യപ്പെട്ട് നാല് തവണ പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഹൈക്കോടതിയില്‍ കേസെത്തിയപ്പോള്‍ ബ്രൂവറി അനുമതികള്‍ റദ്ദാക്കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
തുടര്‍ന്ന് കേസ് ഹൈക്കോടതി തീര്‍പ്പാക്കുകയായിരുന്നു. ഈ കോടതി തീരുമാനം കൂടി പരിഗണിച്ചാണ് ഗവര്‍ണറുടെ തീരുമാനം. ലൈസന്‍സ് അനുവദിച്ചതില്‍ ചട്ടലംഘനമുണ്ടായെങ്കില്‍ അത് സര്‍ക്കാര്‍ തിരുത്തിയെന്നും ജനം ജാഗജൂഗരാണെന്നും ഓര്‍മ്മിപ്പിച്ചുമായിരുന്നു നേരത്തെ ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.
ഇതിനിടെ ബ്രൂവറികള്‍ക്കും ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ക്കും അനുമതി നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ നിയോഗിച്ച സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി അനുമതി നല്‍കാനുള്ള മാനദണ്ഡങ്ങള്‍ തയാറാക്കാനായിരുന്നു സമിതിക്ക് സര്‍ക്കാര്‍ നല്കിയ നിര്‍ദേശം. ഇതിനകം ലഭിച്ച അപേക്ഷകളും സമിതി പരിശോധിച്ചു.
Discussion about this post