തിരുവനന്തപുരം; കവിതാ മോഷണ വിവാദവുമായി ബന്ധപ്പെട്ട് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്തിനെതിരെ മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ്. ഒരു സ്ത്രീ പൊതു ഇടത്ത് തിളങ്ങുന്നത് അവരുടെ സ്വന്തം കഴിവും പ്രതിഭയും ബുദ്ധിയും കൊണ്ടല്ല , പലരും സഹായിച്ചിട്ടാണ് എന്ന പൊതുധാരണയോടു പൊരുതിയാണ് ഞാനടക്കമുള്ള നിരവധി സ്ത്രീകള്‍ ഇവിടെ സ്വന്തം കാലില്‍, സ്വന്തം ചിന്തയില്‍, നിലപാടില്‍ നില്‍ക്കാന്‍ ശ്രമിക്കുന്നത്. എപ്പോഴും ആളുകളുടെ ശ്രമം അത് അങ്ങനെയല്ല, നിനക്ക് പുറകില്‍ ആരോ ഉണ്ടല്ലോ എന്ന് പറയാനാണ്. അത്തരം പ്രാചീന മനുഷ്യര്‍ക്ക് ഞങ്ങളെ അടിക്കാന്‍ ഒരു വടിയാണ് ദീപയും ശ്രീചിത്രനും ഇപ്പോ നല്‍കിയതെന്ന് സുനിത ദേവദാസ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
കലേഷ് അസാമാന്യ പ്രതിഭയുള്ള ഒരെഴുത്തുകാരനാണ്. അദ്ദേഹത്തെ പരിചയപ്പെടാനും എഴുതിയത് വായിക്കാനും കഴിഞ്ഞു എന്നതാണ് ഈ വിവാദം കൊണ്ടുണ്ടായ നേട്ടം. യഥാര്‍ത്ഥ പ്രതിഭ ആരെന്ന് തിരിച്ചറിവുണ്ടായി. അദ്ദേഹത്തെ ഇനിയും ഒരു നോട്ടം കൊണ്ട് പോലും ആരും അപമാനിക്കരുത്, കവിത കലേഷിന്റേതാണെന്നും സിനിത ദേവദാസ് പറയുന്നു.
കവി എസ് കലേഷിന്റെ ‘അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ’ എന്ന കവിത മോഷ്ടിച്ച് വികലമാക്കി മാഗസിനില്‍ പ്രസിദ്ധീകരിച്ചെന്നാണ് ദീപ നിഷാന്തിനെതിരെയുളള ആരോപണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘1 . കവിത കലേഷിന്റേതാണ്
2 . ദീപ / ശ്രീചിത്രന്‍ കവിതയെടുത്തു ദീപയുടെ പേരില്‍ പ്രസിദ്ധീകരിച്ചു.
ഒരു തരത്തിലുള്ള ന്യായീകരണവും വിശദീകരണവും നല്കാനില്ലാത്ത പ്രവൃത്തി .
ഇരവാദവും ഫാസിസ്റ്റു വിരുദ്ധ പോരാട്ടത്തിന്റെ ഇരകള്‍ എന്ന ന്യായയുക്തി ഒന്നും കൊണ്ട് കുറച്ചു ദിവസത്തേക്ക് ഈ വിഷയത്തില്‍ വരരുത്. അപേക്ഷയാണ് .
ഇവിടെ ഒരേയൊരു ഇരയേയുള്ളൂ. അത് കലേഷാണ്
3 . ദീപക്ക് തെറ്റ് മനസ്സിലായി . മാപ്പ് പറഞ്ഞു (ആദ്യമേ ചെയ്യാമായിരുന്നു)
4 . സോഷ്യല്‍ ഓഡിറ്റിംഗ് എല്ലാവര്‍ക്കും ബാധകമാണ്. ആരും ആള്‍ദൈവങ്ങളല്ല .
5 . വ്യക്തികളെയല്ല അവര്‍ എടുക്കുന്ന നിലപാടുകളെയും പ്രവൃത്തികളെയുമാണ് മനുഷ്യര്‍ ആരാധിക്കുന്നത് സ്‌നേഹിക്കുന്നത് ( ഈ തിരിച്ചറിവുണ്ടായാല്‍ ഞാനടക്കമുള്ള എല്ലാവര്‍ക്കും നല്ലത് )
6 . വീഴ്ചകള്‍ പറ്റുമ്പോള്‍ നിലപടുകളെയല്ല വിമര്‍ശിക്കുക/ കുറ്റപ്പെടുത്തുക . വ്യക്തികളെയാണ്.
7 . ഒരു സ്ത്രീ പൊതു ഇടത്ത് തിളങ്ങുന്നത് അവരുടെ സ്വന്തം കഴിവും പ്രതിഭയും ബുദ്ധിയും കൊണ്ടല്ല , പലരും സഹായിച്ചിട്ടാണ് എന്ന പൊതുധാരണയോടു പൊരുതിയാണ് ഞാനടക്കമുള്ള നിരവധി സ്ത്രീകള്‍ ഇവിടെ സ്വന്തം കാലില്‍, സ്വന്തം ചിന്തയില്‍ , നിലപാടില്‍ നില്‍ക്കാന്‍ ശ്രമിക്കുന്നത്.
എപ്പോഴും ആളുകളുടെ ശ്രമം അത് അങ്ങനെയല്ല, നിനക്ക് പുറകില്‍ ആരോ ഉണ്ടല്ലോ എന്ന് പറയാനാണ്. അത്തരം പ്രാചീന മനുഷ്യര്‍ക്ക് ഞങ്ങളെ അടിക്കാന്‍ ഒരു വടിയാണ് ദീപയും ശ്രീചിത്രനും ഇപ്പോ നല്‍കിയത്.
ദീപയും ശ്രീചിത്രനും പരസ്പരമല്ല മത്സരിച്ചത്. ഞങ്ങളെയാണ് ദീപ നിങ്ങള്‍ തോല്‍പ്പിച്ചത്.
പലവുരു പറഞ്ഞത് മടുത്തത് , ആവര്‍ത്തിച്ച് പറയട്ടെ , ഞാന്‍ അടക്കമുള്ള നിരവധി സ്ത്രീകള്‍ ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നത് ഒറ്റക്കാണ്. ഒരാണിന്റെയും നിഴല്‍ ചിന്തയില്‍ പോലും വീഴാതെ …
8 . കലേഷ് അസാമാന്യ പ്രതിഭയുള്ള ഒരെഴുത്തുകാരനാണ്. അദ്ദേഹത്തെ പരിചയപ്പെടാനും എഴുതിയത് വായിക്കാനും കഴിഞ്ഞു എന്നതാണ് ഈ വിവാദം കൊണ്ടുണ്ടായ നേട്ടം. യഥാര്‍ത്ഥ പ്രതിഭ ആരെന്ന് തിരിച്ചറിവുണ്ടായി .
അദ്ദേഹത്തെ ഇനിയും ഒരു നോട്ടം കൊണ്ട് പോലും ആരും അപമാനിക്കരുത്. കവിത കലേഷിന്റേതാണ്
9 . നിരവധിപേര്‍ എന്നെ ടാഗ് ചെയ്തും ചെയ്യാതെയും പോസ്റ്റുകള്‍ ഇട്ടു കണ്ടു. ഇനി അടുത്ത ഊഴം നിന്റെയാണ്. നീ മാത്രമേ ഇനി ശത്രു ലിസ്റ്റില്‍ ബാക്കിയുള്ളു , നിന്നെയും തീര്‍ക്കും എന്നൊക്കെയുള്ള കൊലവിളികള്‍ …
വേദനയുണ്ട് ദീപ, ശ്രീചിത്രന്‍ …. നിങ്ങള്‍ അറിയാതെ എങ്കില്‍ പോലും ഞങ്ങളെയൊക്കെ മുറിവേല്‍പ്പിച്ചു കഴിഞ്ഞു . തോല്‍പ്പിച്ചു കഴിഞ്ഞു .
10 . ദീപ കടന്നു പോകുന്ന മാനസികാവസ്ഥ ഊഹിക്കുന്നു. ഇതില്‍ കൂടുതല്‍ വ്യക്തതയോടെ കാര്യങ്ങള്‍ പറയാന്‍ ഇപ്പോള്‍ ചിന്തകള്‍ക്ക് തെളിച്ചമുണ്ടാവില്ല എന്നറിയാം .
അതിനാല്‍ കൂടുതല്‍ വിശദീകരണം ഇനി ഈ വിഷയത്തില്‍ പ്രതീക്ഷിക്കുന്നില്ല . കാര്യങ്ങള്‍ ദീപ പറയാതെ തന്നെ വ്യക്തമാണ് .
അതിജീവിക്കുക …. എല്ലാത്തിനെയും.’