മലപ്പുറം: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി തന്റെ വീല്‍ചെയര്‍ നല്കി ഭിന്നശേഷിക്കാരനായ യുവാവ്. മലപ്പുറം സ്വദേശിയായ മുഹമ്മദ് അന്‍സാബാണ് താന്‍ ഉപയോഗിച്ചിരുന്ന പഴയ വീല്‍ ചെയര്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്കി ഒരു നാടിന് മുഴുവന്‍ മാതൃകയായി മാറിയത്.
എല്ലിനെ ബാധിക്കുന്ന രോഗം ബാധിച്ച അന്‍സാബ് വീല്‍ ചെയറിന്റെ സഹായത്തോടെയാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. തന്റെ സുഹൃത്തും കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ സനീഷിനോട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുണ്ടെന്ന് അന്‍സാബ് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് സനീഷ് വിവരം മറ്റ് പ്രവര്‍ത്തകരെ അറിയിച്ചു. മലപ്പുറം ബ്ലോക്ക് സെക്രട്ടറി ഇല്ല്യാസിനേയും കൂട്ടി വലിയവരമ്പ് യൂണിറ്റിലെ പ്രവര്‍ത്തകര്‍ക്കൊപ്പം വീട്ടിലെത്തിയപ്പോള്‍ അന്‍സാബ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായി ഒരു വീല്‍ചെയറായിരുന്നു എടുത്ത് വെച്ചിരുന്നത്.
ദുരിതാശ്വാസ നിധിയിലേക്ക് തനിക്ക് നല്കാന് കഴിയുന്നത് ഇത് മാത്രമാണെന്നും സ്വീകരിക്കണമെന്നും അറിയിച്ചതോടെ പ്രവര്‍ത്തകര്‍ സഹായം സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. ശേഷം അന്‍സാബിനെ അഭിനന്ദിക്കുകയും ചെയ്തു.
മലപ്പുറം ഗവ. കോളേജിലെ ബി.കോം വിദ്യാര്‍ത്ഥിയാണ് അന്‍സാബ്. തന്നെ കൊണ്ട് കഴിയും വിധം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കിയ അന്‍സാബിനെ പോലുള്ള മറ്റ് നിരവധി പേര് ഈ കൊറോണക്കാലത്ത് ജനങ്ങള്‍ക്ക് മാത്യകയായി തീര്‍ന്നിട്ടുണ്ട്.
Discussion about this post