തിരുവനന്തപുരം: നാളെമുതല്‍ എറണാകുളം-തിരുവനന്തപുരം പാതയില്‍ റെയില്‍വേ പ്രതിദിന ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് രാവിലെ 7.45ന് പുറപ്പെടുന്ന സ്പെഷ്യല്‍ ട്രെയിന്‍ (06302) 12.30ന് എറണാകുളത്ത് എത്തിച്ചേരും. എറണാകുളത്തുനിന്ന് തിരിച്ച് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ (06301) വൈകീട്ട് 5.30ന് തിരുവനന്തപുരത്ത് എത്തും. വേണാട് എക്സ്പ്രസാണ് പ്രത്യേക തീവണ്ടിയായി സര്‍വീസ് നടത്തുന്നത്.
തിരുവനന്തപുരത്തുനിന്നുള്ള യാത്രക്കാര്‍ക്ക് എറണാകുളത്തുനിന്നുള്ള മംഗള എക്സ്പ്രസ് കിട്ടുന്ന വിധത്തിലാണ് ട്രെയിന്‍ ക്രമീകരിച്ചിട്ടുള്ളത്. ജൂണ്‍ ഒന്നുമുതല്‍ ഒമ്പതുവരെ ഈ സമയക്രമം തുടരുമെന്നാണ് അറിയിച്ചത്.
പത്താം തീയതി മുതല്‍ മംഗള എക്സ്പ്രസിന്റെ മണ്‍സൂണ്‍ സമയക്രമത്തിന് ആനുപാതികമായി രാവിലത്തെ തീവണ്ടിയുടെ സമയത്തില്‍ മാറ്റം വരുത്തും. തിരുവനന്തപുരം സെന്‍ട്രലില്‍നിന്നു രാവിലെ 5.15ന് പുറപ്പെടുന്ന തീവണ്ടി 9.45ന് എറണാകുളത്ത് എത്തും. ഉച്ചയ്ക്ക് ഒന്നിന് എറണാകുളത്തുനിന്നു മടക്കയാത്ര തുടങ്ങും. കൊല്ലം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം എന്നിവയാണ് മറ്റ് സ്റ്റോപ്പുകള്‍. ഒരു എസി ചെയര്‍കാറും 18 സെക്കന്‍ഡ് ക്ലാസ് കോച്ചുകളുമുണ്ടാകും. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. തിങ്കളാഴ്ച മുതല്‍ റെയില്‍വേ സ്റ്റേഷന് കൗണ്ടറുകളിലും ടിക്കറ്റ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള ഞായറാഴ്ചകളില്‍ തിരുവനന്തപുരം ഡിവിഷനിലെ 11 റിസര്‍വേഷന്‍ കൗണ്ടറുകളും പ്രവര്‍ത്തിക്കില്ലെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. യാത്രക്കാരെ ആരോഗ്യപരിശോധന നടത്തിയശേഷം മാത്രമായിരിക്കും റെയില്‍വേ സ്റ്റേഷനിലേക്കു പ്രവേശിപ്പിക്കുക. പനിയുള്ളവരെ യാത്രചെയ്യാന്‍ അനുവദിക്കില്ല.
തിരുച്ചിറപ്പള്ളി-നാഗര്‍കോവില്‍ സൂപ്പര്‍ഫാസ്റ്റും ജൂണ്‍ ഒന്ന് മുതല്‍ ഓടിത്തുടങ്ങുന്നുണ്ട്. തിരുച്ചിറപ്പള്ളിയില്‍നിന്നു രാവിലെ ആറിന് പുറപ്പെടുന്ന ട്രെയിന്‍ നാഗര്‍കോവിലില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് എത്തിച്ചേരും. തിരിച്ച് നാഗര്‍കോവില്‍ നിന്ന് ഉച്ചയ്ക്ക് 3 മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 10.15ന് തിരുച്ചിറപ്പള്ളിയില്‍ എത്തിച്ചേരും.
Discussion about this post