കൊണ്ടോട്ടി: നാടിന് കരുതലിന്റെ കാവലായി ഇന്ത്യൻ ഫുട്‌ബോൾ താരം അനസ് എടത്തൊടികയുടെ ജേഴ്‌സി. താരത്തിന്റെ 22ാം നമ്പർ ജേഴ്‌സിയുടെ ലേലം പൂർത്തിയായത് 1,55,555 രൂപയ്ക്കാണ്. ജേഴ്‌സി സ്വന്തമാക്കിയതാകട്ടെ കൊണ്ടോട്ടിയിലെ സഹോദരങ്ങളാണ്. കെഎൻപി എക്സ്സ്‌പോർട്ടേഴ്‌സിന്റെ ഉടമകളായ സുഫിയാൻ കാരി, അഷ്ഫർ സാനു എന്നിവരാണ് ജേഴ്‌സി ലേലത്തിൽ എടുത്തത്.
ഫുട്ബാൾ ആരാധകരായ ഈ സഹോദരങ്ങൾ നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് കൊണ്ടോട്ടി ഡിവൈഎഫ്‌ഐ പ്രവർത്തകർ അനസിന്റെ ജേഴ്‌സി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്താനായി ലേലത്തിൽ വെക്കുന്ന വിവരമറിഞ്ഞത്. പിന്നേ മറ്റൊന്നും ആലോചിക്കാതെ ജേഴ്‌സി ഇവർ സ്വന്തമാക്കുകയായിരുന്നു. വൻ തുക മുടക്കി ജേഴ്‌സി സ്വന്തമാക്കിയതിൽ അഭിമാനം മാത്രമേ ഉള്ളൂവെന്ന് സഹോദരന്മാരും പറയുന്നു.
ജേഴ്‌സിയിൽനിന്ന് ലഭിക്കുന്ന വരുമാനം കൊവിഡ് പ്രതിരോധത്തിനായി സ്വരൂപിക്കുന്ന ദുരിതാശ്വാസ നിധിയുടെ ഭാഗമാകും. അനസ് ആദ്യമായി ഇന്ത്യക്ക് വേണ്ടി എഎഫ്‌സി ഏഷ്യൻ ടൂർണമെന്റിൽ ഇറങ്ങിയപ്പോൾ അണിഞ്ഞ ജേഴ്‌സിയാണ് ലേലത്തിന് വെച്ചത്. ഇന്ത്യൻനിരയിലെ ഏറ്റവും പ്രതിഭാധനനായ ഡിഫൻഡർ എന്ന്‌ലോകോത്തര താരങ്ങൾ വാഴ്ത്തിയ ഐഎസ്എൽ താരംകൂടിയായ അനസ് മൈതാനത്തിന് സമ്മാനിച്ച ആവേശ നിമിഷങ്ങൾക്കൊപ്പംതന്നെയാണ് അതിന്റെ അടയാളമായ ജേഴ്‌സി ദാനംചെയ്തതിനെയും ആരാധകർ കാണുന്നത്. ജേഴ്‌സി ഉടൻ കൈമാറുമെന്ന് ഡി വൈ എഫ് ഐ നേതാക്കൾ അറിയിച്ചു.