തിരുവനന്തപുരം: പ്രവാസികളിൽ നിന്നും ക്വാറന്റൈൻ ഫീസ് ഈടാക്കുന്നത് ക്രൂരമായ നടപടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എല്ലാ പ്രവാസികൾക്കും ക്വാറന്റൈൻ സൗജന്യമാക്കണമെന്നും പ്രവാസികൾ ക്വാറന്റൈൻ പണം നൽകണമെന്ന സർക്കാർ നിലപാട് ക്രൂരമായ നടപടിയാണെന്നും ചെന്നിത്തല ആരോപിച്ചു. പ്രവാസികളെ അപമാനിക്കുകയാണ് ചെയ്യുന്നത്. എല്ലാ കക്ഷികളും ഇതിനെതിരെ പറഞ്ഞിട്ടും മുഖ്യമന്ത്രിക്ക് ധിക്കാരമാണെന്നും ചെന്നിത്തല ആരോപിച്ചു.
കൊവിഡ് നേരിടുന്നതിൽ സംസ്ഥാന സർക്കാരിന് പ്രതിപക്ഷം പിന്തുണ നൽകിയിട്ടുണ്ട്. എന്നാൽ ന്യൂനതകളുണ്ടായാൽ അത് ചൂണ്ടിക്കാട്ടും. അത് പക്ഷെ അംഗീകരിക്കാൻ സർക്കാർ തയ്യാറല്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ബെവ് കോ ആപ്പ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസാണ് ഒന്നാം പ്രതി. മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് കമ്പനി തെരഞ്ഞെടുത്തതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Discussion about this post