ന്യൂഡൽഹി: അടുത്ത 48 മണിക്കൂറിൽ കേരള തീരത്തിനടുത്തായി തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ന്യൂനമർദം രൂപപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിനും കടലാക്രമണത്തിനുമുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ടുള്ള മുന്നൊരുക്കങ്ങൾ നടത്തേണ്ടതാണെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ്.
അതേസമയം, ഇതിനകം തന്നെ രൂപപ്പെട്ടിരിക്കുന്ന മധ്യപശ്ചിമ അറബിക്കടലിലെ ന്യൂനമർദം കേരളത്തിലെ കാലാവസ്ഥയെ ബാധിക്കാനിടയില്ലെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇത് ഒമാനിലെ സലാലയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണുള്ളത്. യെമൻ-ഒമാൻ തീരത്തോട് അടുത്ത് രൂപം കൊണ്ട ശക്തമായ ന്യൂനമർദ്ദം ഏറ്റവുമൊടുവിൽ വിവരം ലഭിക്കുമ്പോൾ 17.3°N അക്ഷാംശത്തിലും 54.2°E രേഖാംശത്തിലുമാണ്. കൂടുതൽ ശക്തി പ്രാപിച്ച് അടുത്ത 12 മണിക്കൂറിൽ തീവ്രന്യൂനമർദ്ദമായി മാറിക്കൊണ്ട് വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ ന്യൂനമർദം കേരളത്തിലെ കാലാവസ്ഥയെ ബാധിക്കാനിടയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിരീക്ഷണം.
Discussion about this post