തിരുവനന്തപുരം: കൊവിഡിനെതിരായ പോരാട്ടത്തില്‍ കേരളത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ച് മഹാരാഷ്ട്ര. 100 നഴ്സുമാരെയും 50 സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെയും സേവനമാണ് മഹാരാഷ്ട്ര ആവശ്യപ്പെട്ടത്. ഇതിന്റെ ഭാഗമായി മഹാരാഷ്ട്രയുടെ അഭ്യര്‍ഥനമാനിച്ച് കൊവിഡിനെ പ്രതിരോധിക്കാന്‍ കേരളത്തില്‍ നിന്നുള്ള ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും സംഘം ഉടന്‍ മുംബൈയിലെത്തും.
തിങ്കളാഴച മുതല്‍ പല സംഘങ്ങളായാണ് ആരോഗ്യപ്രവര്‍ത്തകര്‍ മുംബൈയിലേക്ക് തിരിക്കുക. എന്നാല്‍ കേരളത്തില്‍ രോഗം വ്യാപന തോത് കൂടിയ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും യാത്ര അനുവദിച്ചിട്ടില്ല. സ്വകാര്യമേഖലയില്‍ നിന്ന് ഇതിനൊടകം സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്ന 50ലേറെ ഡോക്ടര്‍മാരും നഴ്സുമാരും ആകും ആദ്യം മുംബൈയ്ക്ക് തിരിക്കുക.
ആരോഗ്യമേഖലയിലെ വിവിധ സംഘടനകളുടെ കൂട്ടായ്മയാണ് ഇവരെ ഏകോപിപ്പിച്ച് ദൗത്യം ഏറ്റെടുക്കുന്നത്. മുംബൈയിലെ സ്ഥിതി വിലയിരുത്താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് സന്തോഷ് കുമാറും സഹപ്രവര്ത്തകന് ഡോക്ടര്‍ സജീഷ് ഗോപാലനും ഇന്നലെ മുംബൈയിലെത്തി.
തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്ക് പോയ കൊവിഡ് ദൗത്യ സംഘത്തെ നയിച്ച അനുഭവം ഡോക്ടര്‍ സന്തോഷ് കുമാറിനുണ്ട്.
കൊവിഡ് ആശുപത്രിയായ സെവന് ഹില്ലിലാണ് കേരളത്തില്‍ നിന്നുള്ളവര്‍ ആദ്യഘട്ടത്തില്‍ ജോലി ചെയ്യുക.
Discussion about this post