കൊല്ലം: സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പ്രസംഗിച്ചതിന് നടന്‍ കൊല്ലം തുളസിക്കെതിരെ പോലീസ് കേസ് എടുത്തു. ചവറ പോലീസാണ് കേസ് എടുത്തത്. ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇടണമെന്നാണ് കഴിഞ്ഞ ദിവസം കൊല്ലം തുളസി പറഞ്ഞത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വനിതാവകാശ കമ്മീഷന്‍ സ്വമേധയാ ഇന്നലെ തന്നെ കേസ് എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പോലീസും കേസ് എടുത്തിരിക്കുന്നത്. ഡിവൈഎഫ്‌ഐ ചവറ ബ്ലോക്ക് കമ്മിറ്റിയംഗം രതീഷാണ് കൊല്ലം തുളസിയ്ക്ക് എതിരെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ക്രിമിനല്‍ കേസെടുക്കണമെന്നാണ് രതീഷ് പൊലീസിന് നല്‍കിയ പരാതിയിലുണ്ടായിരുന്നത്.
എന്‍ഡിഎ സംഘടിപ്പിച്ച ശബരിമല സംരക്ഷണറാലിയില്‍ പങ്കെടുത്തു കൊണ്ടായിരുന്നു കൊല്ലം തുളസിയുടെ ഈ അഭിപ്രായ പ്രകടനം. ഉത്തരവിറക്കിയ ജസ്റ്റിസുമാര്‍ ശുംഭന്മാരാണെന്നും കൊല്ലം തുളസി വേദിയില്‍ പ്രസംഗിച്ചിരുന്നു. എന്നാല്‍ പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് മാപ്പ് പറഞ്ഞ് താരം തടിയൂരുകയും ചെയ്തിരുന്നു. ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള അടക്കമുള്ളവര്‍ വേദിയില്‍ ഇരിക്കെയാണ് കൊല്ലം തുളസി ഇത്തരത്തില്‍ പ്രസംഗിച്ചത്.