നായകനായി എത്തിയ സിനിമയിലെ അന്ത്യരംഗങ്ങള്‍ അറംപറ്റി, വാഹനാപകടത്തില്‍ മരിച്ച യുവനടന്റെ മരണവും വിലാപയാത്രയും സിനിമയിലേത് പോലെ തന്നെ

കൊല്ലം: നായകനായി അഭിനയിച്ച സിനിമയിലെ അവസാന രംഗങ്ങള്‍ക്ക് യുവനടന്‍ ഗോഡ്‌ഫ്രേയുടെ ജീവിതത്തിലെ അവസാന നിമിഷങ്ങളുമായും സാമ്യം. വാഹനാപകടത്തിലാണ് ഗോഡ്‌ഫ്രേ മരിച്ചത്. സിനിമയിലും വാഹനാപകടത്തില്‍ ഗോഡ്‌ഫ്രേ മരിക്കുന്ന രംഗമുണ്ടായിരുന്നു. സിനിമയിലേ പോലെ തന്നെയായിരുന്നു ഗോഡ്‌ഫ്രേയുടെ വിലാപയാത്രയും.

കൊല്ലം നീരാവില്‍ ജംക്ഷന് സമീപം നടന്ന ബൈക്ക് അപകടത്തിലാണ് ചവറ ഭരണിക്കാവ് പിജെ ഹൗസില്‍ റിട്ട. എസ്ഐ ജോണ്‍ റൊഡ്രിഗ്സിന്റെയും ഫിലുവിന്റെയും മകന്‍ ഗോഡ്ഫ്രേ(37) മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നുമണിക്കാണ് അപകടം സംഭവിച്ചത്.

പ്രാക്കുളത്തെ അമ്മ വീട്ടില്‍ നിന്ന് ചവറ ഭരണിക്കാവിലെ വീട്ടിലേക്ക് മടങ്ങുംവഴി ഗോഡ്‌ഫ്രേ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ഹെല്‍മറ്റ് തകര്‍ന്നു തലയ്ക്കു പരുക്കേറ്റു രക്തം വാര്‍ന്ന് ഏറെ നേരം റോഡില്‍ കിടന്നെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ ആരും തയാറായില്ല.

പിന്നീടെത്തിയ കെഎസ്ഇബി ജീവനക്കാരന്‍ കൃത്രിമശ്വാസം നല്‍കി. തുടര്‍ന്ന് സ്ഥലത്തെത്തിയ യുവാക്കള്‍ ഗോഡ്‌ഫ്രേയെ ഓട്ടോറിക്ഷയില്‍ സമീപത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഗോഡ്‌ഫ്രേയുടെ മരണം അവസാനമായി അഭിനയിച്ച ചിത്രത്തിലെ രംഗങ്ങളുമായി സാമ്യം ഏറെയാണ്.

ദി ലവേഴ്സ് എന്ന സിനിമയില്‍ റൂബിദാസ് എന്ന പേരില്‍ നായകനായാണ് ഗോഡ്‌ഫ്രേ എത്തിയത്. നാല് വര്‍ഷം മുമ്പ് സുഹൃത്ത് ഷൈജുവുമായി ചേര്‍ന്ന് നിര്‍മിച്ച ദ് ലവേഴ്‌സ് എന്ന സിനിമയിലെ ക്ലൈമാക്‌സ് പോലെയായിരുന്നു ഗോഡ്‌ഫ്രേയുടെയും അന്ത്യം.

ഗോഡ്‌ഫ്രെയുടെ നായക കഥാപാത്രം ഓടിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുന്നതായിരുന്നു സിനിമയിലെ അപകടരംഗം. ആംബുലന്‍സിലെ ഗോഡ്‌ഫ്രേയുടെ വിലാപയാത്രയും സിനിമയിലേ പോലെ തന്നെയായി. സിനിമയില്‍ നായകന്റെ മൃതദേഹം പള്ളിയിലെത്തിക്കുന്ന ആംബുലന്‍സ് ഡ്രൈവറുടെ വേഷമിട്ടത് ചവറ പന്മന പുത്തന്‍ചന്ത അഥീന കോട്ടേജില്‍ അബ്ദുല്‍ സലീമായിരുന്നു.

ഇദ്ദേഹം തന്നെയാണ് ഇന്നലെ ഗോഡ്‌ഫ്രെയുടെ മൃതദേഹവും ആംബുലന്‍സില്‍ ചവറ തലമുകള്‍ സെന്റ് അഗസ്റ്റിന്‍ പള്ളിയിലെത്തിച്ചത്.സിനിമയില്‍ മൃതദേഹത്തെ വസ്ത്രങ്ങള്‍ അണിയിച്ച സലിം ഇന്നലെ വീട്ടുകാരുടെ അഭ്യര്‍ഥനപ്രകാരം അതേ വസ്ത്രങ്ങള്‍ അണിയിക്കുകയും ചെയ്തു.

Exit mobile version