“ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയൊരു ശൂന്യതയാണ് എംപി വീരേന്ദ്രകുമാറിന്റെ വിയോഗം സൃഷ്ടിച്ചിരിക്കുന്നത്”; വിഎസ് അച്ചുതാനന്ദന്‍

തൃശ്ശൂര്‍: മുന്‍കേന്ദ്രമന്ത്രി എം പി വീരേന്ദ്രകുമാറിന്റെ വേര്‍പാടില്‍ അനുശോചനം അറിയിച്ച് വിഎസ് അച്ചുതാനന്ദന്‍. എം പി വീരേന്ദ്രകുമാറിന്റെ വിയോഗം ഇന്ത്യന്‍ രാഷ്ട്രീയത്തിനും കേരളരാഷ്ട്രീയത്തിനും വലിയൊരു ശൂന്യതയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് വിഎസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിഎസ് അനുശോചനം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്:

എം പി വീരേന്ദ്രകുമാറിന്റെ വിയോഗം വലിയൊരു ശൂന്യതയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പൊതുവെയും, കേരളരാഷ്ട്രീയത്തില്‍ പ്രത്യേകിച്ചും ഉണ്ടാക്കിയിട്ടുള്ളത്.

സാംസ്‌കാരിക രംഗത്തെ മഹാപ്രതിഭയെയും കൂടിയാണ് നഷ്ടമായിരിക്കുന്നത്. അരനൂറ്റാണ്ടിലേറെ കാലത്തെ അടുപ്പവും ബന്ധവുമാണ് വിരേന്ദ്രകുമാറുമായി എനിക്കുള്ളത്. ഇടതുപക്ഷ സോഷ്യലിസ്റ്റ് നിലപാടുകളില്‍ ഉറച്ചുനിന്ന് പ്രകൃതി ചൂഷണത്തിനും ആഗോളവല്‍ക്കരണത്തിനും വര്‍ഗീയതയുടെ വ്യാപനത്തിനുമെതിരായി അദ്ദേഹം കൈകൊണ്ട നിലപാടുകള്‍ ചരിത്രത്തിന്റെ ഭാഗമാണ്. അടിയന്തിരാ വസ്ഥയ്ക്കും ജലചൂഷണത്തിനുമെതിരെയുമൊക്കെയുള്ള നിരവധി സമരമുഖങ്ങളില്‍ ഒരുമിച്ച് നില്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അത്തരം പോരാട്ടങ്ങളില്‍ അദ്ദേഹം പ്രകടിപ്പിച്ച വ്യക്തിപരമായ ആത്മാര്‍ത്ഥത.

ഗാട്ടുംകാണാചരടുകളും, രാമന്റെ ദു:ഖം, എന്നിങ്ങനെ തന്റെ ശക്തമായ രചനാശൈലിയിലൂടെ രാഷ്ട്രീയനിലപാടുകള്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞ നേതാവുകൂടിയായിരുന്നു വിരേന്ദ്രകുമാര്‍. തന്നോടൊപ്പം നടന്ന പല സോഷ്യലിസ്റ്റുകളും അവസരവാദപരമായ കൂടുമാറ്റം നടത്തിയപ്പോഴും അദ്ദേഹം സോഷ്യലിസ്റ്റായി തന്നെ ഉറച്ചു നിന്നു. ഇടതുപക്ഷജനാധിപത്യമുന്നണി ശക്തിപ്പെടുത്താന്‍ വീരേന്ദ്രകുമാര്‍ നടത്തിയ ഇടപെടലുകളും ഓര്‍ക്കുന്നു. സുദീര്‍ഘമായ തന്റെ രാഷ്ട്രീയജീവിതത്തില്‍ ഏറെക്കാലം ഒപ്പം നടന്ന, തന്റെ വ്യക്തിപരമായ സുഖദു:ഖങ്ങളില്‍ പങ്കുചേര്‍ന്ന സുഹൃത്തും കേരളത്തിന്റെ രാഷ്ട്രീയഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായക സാന്നിദ്ധ്യവുമായിരുന്നു വീരേന്ദ്രകുമാര്‍.

Exit mobile version