തിരുവനന്തപുരം: വിലക്ക് ലംഘിച്ച് മത്സ്യബന്ധനത്തിന് ഇറങ്ങിയ മത്സ്യതൊഴിലാളികളെ തീരദേശ പോലീസ് വിരട്ടിയോടിച്ചു. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കടല്‍ ക്ഷോഭം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ജൂണ്‍ നാല് വരെ മത്സ്യതൊഴിലാളികള്‍ കടലിലിറങ്ങരുതെന്നും മത്സ്യബന്ധനം പാടില്ലെന്നും ദുരന്ത നിവാരണ അതോറിറ്റി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പുകള്‍ എല്ലാം പാടെ തള്ളിയാണ് തൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് ഇറങ്ങാന്‍ ശ്രമം നടത്തിയത്.
ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് ജില്ലയിലെ മറ്റ് തീരദേശ മേഖലകളില്‍ നിന്നും 200ലേറെ മത്സ്യതൊഴിലാളികള്‍ 50 ഓളം മത്സ്യബന്ധനയാനങ്ങളുമായി വിഴിഞ്ഞത്തെത്തിയത്. ഇവരെ വിലക്ക് ചൂണ്ടിക്കാട്ടി പോലീസ് ഇടപെട്ട് പിന്തിരിപ്പിച്ചതോടെ ചിലര്‍ മടങ്ങിയെങ്കിലും മറ്റ് ചിലര്‍ വിലക്ക് മറികടന്ന് കടലിലിറങ്ങാന്‍ ശ്രമിക്കുകയായിരുന്നു.
ഇതോടെയാണ് എസ്ഐ ഷാനിബാസിന്റെ നേതൃത്വത്തിലെത്തിയ പോലീസ് മത്സ്യതൊഴിലാളികളെ വിരട്ടിയോടിച്ചത്. വിലക്ക് ലംഘിച്ച് ആരെങ്കിലും മത്സ്യബന്ധനത്തിനിറങ്ങിയിട്ടുണ്ടെങ്കില് മത്സ്യം അടക്കം അവരുടെ മത്സ്യബന്ധന ഉപകരണങ്ങള്‍ പിടിച്ചെടുക്കുമെന്നും വിലക്ക് ലംഘിച്ച് പോകുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടിയെടുക്കുമെന്നും കോസ്റ്റല്‍ പോലീസ് അറിയിച്ചു.
Discussion about this post