കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ രണ്ട് പേര്‍ക്കു കൂടി സമ്പര്‍ക്കത്തിലൂടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഒരു കുടുംബത്തില്‍ മാത്രം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 13 ആയി. കഴിഞ്ഞ ദിവസം ജില്ലയില്‍ 10 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
ധര്‍മ്മടം സ്വദേശികളായ രണ്ട് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ധര്‍മ്മടത്തെ ഒരു കുടുംബത്തില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 13 ആയി. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര് വിദേശത്ത് നിന്നെത്തിയവരും നാല് പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലെത്തിയവരുമാണ്.
വിദേശത്ത് നിന്നെത്തി രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര് കുവൈറ്റില്‍ നിന്നും രണ്ട് പേര് മസ്ക്കറ്റില്‍ നിന്നും നാട്ടിലെത്തിയവരാണ്. മാലൂര്‍ സ്വദേശികളായ ദമ്പതികളാണ് കുവൈറ്റില്‍ നിന്നെത്തിയത്. മുഴപ്പിലങ്ങാട്, തളിപ്പറമ്പ് സ്വദേശികളാണ് മസ്ക്കറ്റില്‍ നിന്നെത്തിയത്.
ബാംഗ്ലൂരില്‍ നിന്നെത്തിയ മുഴപ്പിലങ്ങാട് സ്വദേശിയും മുംബൈയില്‍ നിന്നെത്തിയ ചൊക്ലി സ്വദേശിയും ചെന്നൈയില്‍ നിന്ന് വന്ന ഏച്ചൂര്‍ സ്വദേശിയും മഹാരാഷ്ട്രയില്‍ നിന്ന് നാട്ടിലെത്തിയ ചെറുപുഴ സ്വദേശിയുമാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രോഗ ബാധിതര്‍.
കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം ഉയരുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞദിവസം 84 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് കൊറോണ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തിരുവല്ല സ്വദേശി ജോഷിയാണ് മരിച്ചത്. 65 വയസ്സായിരുന്നു. പുലര്‍ച്ചെ 2 മണിയോടെ ആയിരുന്നു മരണം.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം എട്ടായി.
Discussion about this post