ഉത്രയുടെ മൃതദേഹം ദഹിപ്പിച്ചത് അഞ്ചല്‍ പോലീസിന്റെ വീഴ്ച: അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്ന് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: അഞ്ചല്‍ ഉത്ര വധക്കേസില്‍ പോലീസിനെതിരെ വിമര്‍ശനവുമായി
സംസ്ഥാന വനിതാ കമ്മീഷന്‍ രംഗത്ത്. ഉത്രയുടെ മാതാപിതാക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടും മൃതദേഹം ദഹിപ്പിച്ചത് അഞ്ചല്‍ പോലീസിന്റെ വീഴ്ചയാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ വിമര്‍ശിച്ചു.

ഇക്കാര്യത്തില്‍ അന്വേഷണത്തിനും ജോസഫൈന്‍ നിര്‍ദ്ദേശം നല്‍കി. കൊല്ലം റൂറല്‍ എസ്പി ഇക്കാര്യം അന്വേഷിക്കണമെന്നാണ് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമെങ്കില്‍ അഞ്ചല്‍ സിഐയെ നേരിട്ട് വനിതാ കമ്മീഷന് മുമ്പില്‍ ഹാജരാക്കണം. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ വനിതാകമ്മീഷന് മുമ്പില്‍ ഹാജരാക്കണമെന്നും ജോസഫൈന്‍ പറഞ്ഞു.

പാമ്പിനെ കൊണ്ട് കൊത്തിക്കുന്നതിന് മുമ്പ് സൂരജ് ഉത്രയ്ക്ക് ഉറക്കഗുളിക നല്‍കിയെന്ന നിഗമനത്തിലാണ് പോലീസ്. ആദ്യത്തെ തവണ പായസത്തിലും രണ്ടാമത്തെ പ്രാവശ്യം പഴച്ചാറിലും ഉറക്കഗുളിക കലര്‍ത്തി നല്‍കി എന്നാണ് അനുമാനിക്കുന്നത്. സൂരജിനെ ചോദ്യം ചെയ്തപ്പോള്‍ ഇതുസംബന്ധിച്ച വിവരം ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞു. ആദ്യം പാമ്പ് കടിയേല്‍ക്കുമ്പോള്‍ ഉത്ര വേദന കൊണ്ട് നിലവിളിച്ചിരുന്നുവെന്നും സൂരജിന്റെ കുറ്റസമ്മത മൊഴിയില്‍ പറയുന്നുണ്ട്.

ഉത്രയുടെ മരണം പാമ്പുകടിയേറ്റ് തന്നെയാണ് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വിഷാംശം നാഡിവ്യൂഹത്തിനെ ബാധിച്ചു എന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുന്നു. ഇടത് കൈയ്യില്‍ രണ്ട് തവണ പാമ്പ് കടിയേറ്റ പാടുകളുണ്ട്. വിഷം നാഡീവ്യൂഹത്തിനെ ബാധിച്ചാണ് മരണം സംഭവിച്ചത്. മൂര്‍ഖന്‍പാമ്പിന്റെ കടിയേറ്റ് മരിച്ചു എന്നാണ് പ്രാഥമിക വിലയിരുത്തല്‍. കഴിഞ്ഞ ദിവസമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണംസംഘം കൈപ്പറ്റിയത്.

അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് സൂരജിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം വിലയിരുത്തുന്നു. ഉത്ര കൊലപാതക കേസില്‍ മെയ് 24നാണ് അന്വേഷണ സംഘം സൂരജിനെ അറസ്റ്റ് ചെയ്തത്.

എന്നാല്‍, ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ താന്‍ പിടിയിലാകുമെന്ന് സൂരജിന് ബോധ്യമുണ്ടായിരുന്നു. അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് അടൂര്‍ പറക്കോട്ടെ സ്വന്തം വീടിന് സമീപത്തുള്ള അഭിഭാഷകനുമായി സൂരജ് കൂടിക്കാഴ്ച നടത്തിയിരുന്നു. അഭിഭാഷകന്റെ വീട്ടില്‍ സൂരജ് വാഹനത്തില്‍ വന്ന് മടങ്ങുന്ന ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു.

Exit mobile version