തിരുവനന്തപുരം: ഈ ദുര്‍ഘട ഘട്ടത്തില്‍ ഫീസ് വര്‍ധിപ്പിക്കുന്ന സ്കൂളുകള്‍ക്ക് താക്കീത് നല്കി മുഖ്യമന്ത്രി പിണറായി വിജയന്. ഒരു സ്കൂളും ഈ ഘട്ടത്തില്‍ ഫീസ് വര്‍ധിപ്പിക്കരുതെന്ന് മുഖ്യമന്ത്രി. പ്രതിസന്ധി കാലത്ത് കുട്ടികളെയും രക്ഷിതാക്കളെയും വല്ലാതെ ബുദ്ധിമുട്ടിക്കരുതെന്നും പിഴിഞ്ഞു കളയുന്ന സ്വഭാവം സ്വീകരിക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
പുതിയ സാഹചര്യത്തിന് അനുസൃതമായി പഠന രീതി ക്രമീകരിക്കുക. വേണ്ട മാറ്റങ്ങള്‍ വരുത്തുക. ഇവയാണ് മേഖലയില്‍ അടിയന്തിര പ്രാധാന്യത്തോടെ ചെയ്യേണ്ടത്. ഇതിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഈ കാലം വളരെ പ്രത്യേകമായതാണ്. എല്ലാ മേഖലയിലും മാറ്റം വരുത്തേണ്ട കാലം. പഠനം പരമാവധി ഓണ്‍ലൈനാക്കുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നതും ഇതിന്റെ ഭാഗമാണ്. എല്ലാ ജനങ്ങളും പ്രയാസം നേരിടുന്നു. തൊഴില്‍ നഷ്ടപ്പെട്ടവരും വരുമാനം അടഞ്ഞവരുമെല്ലാമുണ്ട്. അത്തരക്കാരെ സഹായിക്കുക, ഭാരം ലഘൂകരിക്കുക എന്നിവയാണ് ലക്ഷ്യമാകേണ്ടത്. – മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ ഇതിനെല്ലാം വിരുദ്ധമായ പ്രവണതകള്‍ കാണുന്നു. അതിലൊന്നാണ് സ്വകാര്യ സ്കൂളുകള്‍ ഫീസ് കുത്തനെ കൂട്ടിയെന്ന പരാതി. വലിയ തുക ഫീസിനത്തില്‍ ഉയര്‍ത്തുകയും അതടച്ചതിന്റെ രസീതുമായി വന്നാലേ അടുത്ത വര്‍ഷത്തേക്ക് പുസ്തകം തരൂ എന്ന് പറയുകയും ചെയ്ത സ്വകാര്യ സ്കൂളുകളുണ്ട്. ഇത് അനുവദിച്ച് തരില്ല. ഇത് ദുര്‍ഘട ഘട്ടമായതിനാല്‍ ഒരു സ്കൂളും ഫീസ് വര്‍ധിപ്പിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post