തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് പ്രദേശങ്ങളെ കൂടി കൊവിഡ് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. കാസര്‍കോട് മൂന്നും പാലക്കാട് രണ്ടും ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയും ആണ് പുതിയ ഹോട്ട്സ്പോട്ടുകള്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് സ്പോട്ടുകളുടെ എണ്ണം 82 ആയി.
അതിനിടെ സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.ഇന്ന് 84 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര് സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 31 പേര് വിദേശത്ത് നിന്നും, 48 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. കാസര്‍കോട് 18, പാലക്കാട് 16, കണ്ണൂര്‍ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശ്ശൂര്‍ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3 കൊല്ലം ഇടുക്കി ആലപ്പുഴ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
കൊവിഡ് ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു. തെലങ്കാന സ്വദേശിയാണ് മരിച്ചത്. തെലങ്കാനയിലേക്ക പോകേണ്ട അജ്ജയ്യ രാജസ്ഥാനില്‍ നിന്നും ട്രെയിന്‍ മാറി കയറി തിരുവനന്തപുരത്ത് വന്നതാണ്. അതെസമയം 3 പേരുടെ രോഗം ഭേദമായി. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒന്ന് വീതം നെഗറ്റീവായി. ഇതുവരെ 1088 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.
ഇവരില്‍ 526 പേര് നിലവില്‍ ചികിത്സയിലാണ്. 1,15,297 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,14,305 പേര് വീടുകളിലോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ ആണ്. 210 പേരെ ആശുപത്രിയില്‍ ഇന്ന് പ്രവേശിപ്പിച്ചു. 60,685 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 58,460 എണ്ണം നെഗറ്റീവായി. മുന്‍ഗണനാ വിഭാഗത്തിലെ 9937 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 9217 എണ്ണം നെഗറ്റീവാണ്.
Discussion about this post