പൊന്നാനി: അബദ്ധത്തില്‍ എണ്ണിക്കൊടുത്ത പതിനായിരം രൂപ മൂന്നരവര്‍ഷത്തിനുശേഷം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് പൊന്നാനിക്കാരി രോഷ്മ. സ്വകാര്യബാങ്കിലെ ജീവനക്കാരിയായിരുന്ന പൊന്നാനി ചെറുവായിക്കര സ്വദേശി രോഷ്മയ്ക്ക് ജോലിക്കിടയിലാണ് വലിയൊരു അബദ്ധംപറ്റിയത്.
രണ്ടായിരം രൂപക്ക് പകരം രോഷ്മ കസ്റ്റമറിന് നല്‍കിയത് പതിനായിരം രൂപയാണ്. ബിയ്യം സ്വദേശിയായ വീട്ടമ്മക്കാണ് അബദ്ധത്തില്‍ പതിനായിരം രൂപ നല്‍കിയത്. അബദ്ധം തിരിച്ചറിഞ്ഞ് പണം തിരികെ ചോദിച്ചപ്പോള്‍ അവര്‍ പണം അധികം കിട്ടിയില്ലെന്ന് തറപ്പിച്ചുപറഞ്ഞു.
തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ വരെ കാണിച്ചിട്ടും വീട്ടമ്മ പണം അധികം കിട്ടിയില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ നിസ്സഹായയായ രോഷ്മ സ്വന്തം ആഭരണം വിറ്റ് പണം കണ്ടെത്തി ബാങ്കിലെ കണക്കുകള്‍ ക്ലിയറാക്കി. സ്ഥലം കൗണ്‍സിലറുമായി ഇടപെട്ട് ചര്‍ച്ചനടത്തിയെങ്കിലും വീട്ടമ്മയും വീട്ടുകാരും അധികമായി ലഭിച്ച പണം തിരികെ കൊടുക്കാന്‍ തയ്യാറായില്ല.
വീട്ടമ്മയുടെ ഭര്‍ത്താവ് പ്രവാസിയുമായിരുന്നു. അവരും ഭാര്യയൊടൊപ്പം ചേര്‍ന്നു. വര്‍ഷം മൂന്നര കഴിഞ്ഞു. രോഷ്മ അധ്യാപികയായി. പിന്നെ വിവാഹവും കഴിച്ചു.ഒരു കുഞ്ഞും പിറന്നു പഴയതെല്ലാം മറന്നു. അതിനിടയിലാണ് രണ്ടുദിവസം മുന്‍പ് വീട്ടമ്മയുടെ ഭര്‍ത്താവ് നേരിട്ടെത്തി പഴയൊരു കടം വീട്ടിയത്.
കൈയ്യില്‍ പതിനായിരം രൂപ,വാക്കുകളില്‍ ക്ഷമാപണവും, ഹൃദയത്തില്‍ കുറ്റം ഏറ്റുപറയലും. ലോക്ക് ഡൗണ്‍ കാലത്തെ വലിയൊരു സാമ്പത്തിക പ്രയാസത്തിനിടയില്‍ പതിനായിരം രൂപ ഒന്നിച്ചുകിട്ടിയതിന്റെ ഞെട്ടലിലും സന്തോഷത്തിലുമാണ് രോഷ്മയും വീട്ടുകാരും.
സാമ്പത്തികമായി ഏറെ പ്രയാസത്തിലായിരുന്നതിനാലാണ് വീട്ടമ്മയും വീട്ടുകാരും പണം അധികം കിട്ടിയത് തിരിച്ചുകൊടുക്കാന്‍ തയ്യാറാവാതിരുന്നത്. എന്നാല്‍ പിന്നീട് വലിയൊരു കുറ്റബോധം ഉടലെടുക്കുകയും സംഭവിച്ച പിഴവില്‍ തെറ്റ് ഏറ്റുപറഞ്ഞ് തിരുത്താനുമാണ് സാമ്പത്തിക ദുരിതത്തിനിടയിലും വീട്ടമ്മയുടെ ഭര്‍ത്താവ് പണം തിരികെ നല്കി നല്ല മാതൃകയായത്.
Discussion about this post