തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായി ഡിജിപി പദവിയിലെത്തുന്ന വനിത ഐപിഎസ് ഉദ്യോഗസ്ഥയായി ആർ ശ്രീലേഖ. ഫയർ ഫോഴ്സ് മേധാവിയായിട്ടായിരിക്കും പുതിയ നിയമനം. ഈ വർഷം ഡിസംബറിൽ ശ്രീലേഖ വിരമിക്കും. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ആർ ശ്രീലേഖ. ഡിജിപിമാരായ എ ഹേമചന്ദ്രനും ജേക്കബ് തോമസും വിരമിക്കുന്ന സാഹചര്യത്തിലാണ് ശങ്കർ റെഡ്ഡിക്കും ആർ ശ്രീലേഖയ്ക്കും ഡിജിപിമാരായി സ്ഥാനക്കയറ്റം ലഭിച്ചത്. നിലവിൽ ഗതാഗത കമ്മീഷണറാണ് ശ്രീലേഖ. എഡിജിപി എം ആർ അജിത് കുമാർ പുതിയ ഗതാഗത കമ്മീഷണറാകും. ഡിജിപി ശങ്കർറെഡ്ഡി റോഡ് സേഫ്റ്റി കമ്മീഷണറായി തുടരും. ഐപിഎസ് തലത്തിൽ വീണ്ടും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.
പുതിയ ചീഫ് സെക്രട്ടറിക്കൊപ്പം ഉദ്യോഗസ്ഥ തലത്തിൽ വലിയ അഴിച്ചുപണിക്കാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. ചീഫ് സെക്രട്ടറി ടോം ജോസ് ഈ മാസം 31ന് ഒഴിയുന്ന സാഹചര്യത്തിലാണ് ആഭ്യന്തര സെക്രട്ടറിയായ വിശ്വാസ് മേത്ത ചീഫ് സെക്രട്ടറിയാകുന്നത്. 1986 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് വിശ്വാസ് മേത്ത . രാജസ്ഥാൻ സ്വദേശിയായ വിശ്വാസ് മേത്തക്ക് ഒൻപത് മാസത്തെ കാലയളവാണുള്ളത്.
ടികെ ജോസാണ് പുതിയ ആഭ്യന്തര സെക്രട്ടറി. വി വേണുവിനെ റവന്യൂ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി. ആസൂത്രണവകുപ്പ് സെക്രട്ടറിയായാണ് മാറ്റം. ഡോ എ ജയതിലകാണ് പുതിയ റവന്യൂ സെക്രട്ടറി. ഇഷിതാ റായ് കാർഷികോത്പാദന കമ്മീഷണറാകും. തിരുവനന്തപുരം, ആലുപ്പുഴ, കോട്ടയം, മലപ്പുറം കളക്ടർമാർക്കും മാറ്റമുണ്ട്.
Discussion about this post