തിരുവന്തപുരം: സംസ്ഥാനത്ത് ബെവ് ക്യൂ ആപ്പ് വഴി ബുക്ക് ചെയ്യുന്നവർക്കുള്ള മദ്യവിൽപ്പന നാളെ രാവിലെ ഒമ്പത് മണി മുതൽ ആരംഭിക്കുമെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. ബെവ് ക്യൂ ആപ്പ് അഞ്ച് മണിയോടെ സജ്ജമാകുമെന്നും മന്ത്രി പറഞ്ഞു. ബുക്കിങ് സമയം രാവിലെ ആറ് മണി മുതൽ പത്ത് മണി വരെയാണ്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് മദ്യവിൽപ്പന നടത്തുക.
വെർച്വൽ ക്യൂവിൽ ഒരു സമയം അഞ്ച് പേർ മാത്രമെ ഉണ്ടാകാൻ പാടുള്ളൂ.
ബീവറേജസ് ഔട്ട് ലെറ്റിന്റേയോ ബാറിന്റേയോ മുന്നിൽ ഒരു സമയം അഞ്ച് അംഗങ്ങൾ മാത്രമേ ഉണ്ടാകാൻ പാടുള്ളൂവെന്നും. ആരോഗ്യവകുപ്പ് നിർദേശിച്ച എല്ലാ പ്രോട്ടോക്കോളും പാലിച്ചായിരിക്കണം എത്തിച്ചേരേണ്ടതെന്നും മന്ത്രി പറഞ്ഞു.
ബുക്കിങ്ങിൽ ഒരാൾ വന്ന് കഴിഞ്ഞാൽ നാല് ദിവസത്തേക്ക് ആ നമ്പറിൽ ബുക്ക് ചെയ്യാൻ പറ്റില്ല. ബുക്കിങ്ങിൽ അനുമതി കിട്ടാത്ത ആരും മദ്യം വാങ്ങാൻ ബാറിന് മുന്നിലോ ഔട്ട് ലെറ്റിന് മുന്നിലോ വരാൻ പാടില്ലെന്നും ഇതെല്ലാം പരിഗണിക്കേണ്ടതുണ്ടെന്നും സർക്കാരിന്റെ നിർദേശം പാലിച്ച് സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
ലോക്ക് ഡൗണിന്റെ ഭാഗമായി മദ്യഷോപ്പുകളും ബാറുകളും അടച്ചിടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഈ തീരുമാനം കേരളത്തിൽ സംസ്ഥാന ഗവർമെന്റ് ഫലപ്രദമായി നടപ്പിലാക്കിയിട്ടുണ്ട്. പിന്നീട് കേന്ദ്രഗവർമെന്റ് ലോക്ക് ഡൗണിൽ ഇളവ് വരുത്താൻ തീരുമാനിച്ചു. ഇളവുവരുത്താൻ തീരുമാനിച്ച കൂട്ടത്തിൽ മദ്യഷാപ്പുകൾ തുറന്നുപ്രവർത്തിപ്പിക്കാമെന്ന് പറയുകയുണ്ടായി.
ഈ തീരുമാനം കേന്ദ്രം എടുത്തതിനെ തുടർന്ന് കേരളത്തിൽ ഇത് എങ്ങനെ നടപ്പിലാക്കാം എന്നതിനെ കുറിച്ച് സംസ്ഥാനം പരിശോധന നടത്തി. ആദ്യഘട്ടത്തിൽ കള്ളുഷാപ്പുകൾ മെയ് 13 മുതൽ തുറന്ന പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചു. 2500 ൽ പരം കള്ളുഷാപ്പുകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിദേശമദ്യം ബിവറേജിന്റേയും കൺസ്യൂമർ ഫെഡിന്റേയും ഔട്ട് ലെറ്റിലൂടെയുമാണ് വിൽക്കുന്നത്. ഇത് വലിയ തിരക്ക് ഉണ്ടാക്കിയിട്ടുണ്ട്. ഈ തിരക്കിന്റെ എങ്ങനെ നിയന്ത്രിക്കാമെന്ന് ആലോചന നേരത്തെ തന്നെ വന്നിരുന്നു. തിരക്ക് കുറക്കാനായി നിരവധി നടപടികൾ ബിവറേജസ് കോർപ്പറേഷനും കൺസ്യൂമർ ഫെഡും എടുത്തിരുന്നു. പ്രീമിയർഷോപ്പുകൾ തുറന്നും കൗണ്ടർ കൂട്ടിയും തിരക്ക് കുറയ്ക്കുന്ന നടപടികൾ എടുത്തിട്ടുണ്ട്. എന്നാൽ എല്ലാ സ്ഥലങ്ങളിലും ഇത് പൂർണമായിരുന്നില്ല. ഈ അനുഭവത്തിൽ നിന്നുകൊണ്ടാണ് തിരക്ക് കുറയ്ക്കുന്നതിനലുള്ള നടപടികൾ എങ്ങനെ സ്വീകരിക്കാമെന്ന് ആലോചിച്ചതെന്നും മന്ത്രി അറിയിച്ചു.
ഷോപ്പ് തുറക്കുമ്പോൾ ഉണ്ടായേക്കാവുന്ന തിരക്ക് എങ്ങനെ തുറക്കാം എന്ന ആലോചനയിലാണ് പുതിയ സിസ്റ്റം ആലോചിക്കുന്നത്. മൊബൈൽ ആപ്പ് വഴി ബുക്കിങ് സ്വീകരിച്ച് മദ്യനൽകാനുള്ള നടപടി ഇത്തരത്തിലാണ് ഉരുത്തിരിഞ്ഞതെന്നും എക്സൈസ് മന്ത്രി വിശദീകരിച്ചു.
Discussion about this post