കൊച്ചി: കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് യാത്രക്കാര്‍ക്ക് പറന്നുയരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിമാനത്താവളത്തിലേക്കുള്ള റെയില്‍പാതയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. യാത്രക്കാര്‍ക്കും എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചരക്ക് നീക്കത്തിനും ഏറെ സൗകര്യ പ്രദമാകുന്ന പദ്ധതിയാണ് കേന്ദ്ര സര്‍ക്കാരിന്റെ അനാസ്ഥ മൂലം പ്രഖ്യാപനത്തില്‍ ഒതുങ്ങിക്കിടക്കുന്നത്.
കണ്ണൂര്‍-മട്ടന്നൂര്‍ റെയില്‍പാത എന്ന കേരളത്തിന്റെ ആവശ്യത്തിന് എട്ട് വര്‍ഷം പഴക്കമുണ്ട്. 2011-12 റെയില്‍വേ ബജറ്റില്‍ നിര്‍ദ്ദേശിച്ച പാതക്ക് 2013ലെ ബജറ്റിലാണ് സര്‍വേ നടത്താന്‍ അനുമതി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ കൂടി സഹകരണത്തോടെ പാത നിര്‍മ്മിക്കാനായിരുന്നു പദ്ധതി. തുടര്‍ന്ന്, പാതയുടെ സാധ്യതാ പഠനത്തിന് വേണ്ടി ചെന്നൈയില്‍ നിന്നുള്ള റെയില്‍വേ ഡ്രോയിങ് വിഭാഗം പ്രാഥമിക സര്‍വേ നടത്തി.
കണ്ണൂര്‍ സൗത്തില്‍ നിന്നും എളയാവൂര്‍, കൂടാളി, ചാലോട് വഴി 25 കിലോ മീറ്റര്‍ പാത നിര്‍മ്മിച്ചാല്‍ ഭൂമി ഏറ്റെടുക്കല്‍ എളുപ്പമാകുമെന്ന് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 2016ലെ റെയില്‍ ബജറ്റില്‍ 400 കോടി രൂപ അനുവദിച്ചിരുന്നു.
പാത യാഥാര്‍ത്ഥ്യമായാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കപ്പെടുന്നതിനൊപ്പം വിമാന യാത്രക്കാരുടെ എണ്ണവും കൂടുമെന്നാണ് പ്രതീക്ഷ. അഴീക്കല്‍ തുറമുഖ റെയില്‍പാതയെ എയര്‍പോര്‍ട്ടിലേക്കുള്ള പാതയുമായി ബന്ധിപ്പിച്ചാല്‍ മലബാറിലേക്കുള്ള ചരക്ക് നീക്കം സുഗമമാക്കുന്നതിനൊപ്പം കണ്ണൂരില്‍ ചരക്ക് വിമാനങ്ങള്‍ക്കുള്ള സാധ്യതയും ഏറും.