തിരുവനന്തപുരം; സംസ്ഥാനത്ത് മദ്യവില്‍പ്പന നാളെ മുതല്‍ തുടങ്ങാന്‍ മന്ത്രിസഭാ തീരുമാനം. ഇന്ന് ഉച്ചയ്ക്ക് ആപ്പ് പ്ലേസ്‌റ്റോറില്‍ എത്തും. ഉച്ചമുതല്‍ മദ്യത്തിനു ബവ് -ക്യൂ ആപില്‍ നിന്നു ടോക്കണ്‍ ലഭിക്കും. രാവിലെ മുതല്‍ പരീക്ഷണ പ്രവര്‍ത്തനവും ആരംഭിച്ചു. സാങ്കേതിക പ്രശ്‌നങ്ങളില്ലാതെ പരീക്ഷണ പ്രവര്‍ത്തനം മുന്നോട്ടു പോകുന്നതിനാല്‍ ഉച്ചമുതല്‍ ആപ് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കും.
പ്ലേ സ്റ്റോറില്‍ നിന്നു സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ആ പില്‍ നിന്നു ടോക്കണ്‍ എടുക്കാം. ബാറുകളില്‍ നിന്നാണോ ഔട്‌ലെറ്റുകളില്‍ നിന്നാണോ വാങ്ങേണ്ടതെന്നു ഉപഭോക്താവിനു തെരഞ്ഞെടുക്കാം. ടോക്കണ്‍ കിട്ടുന്നവര്‍ക്ക് വ്യാഴാഴ്ച രാവിലെ ഒന്‍പതു മുതല്‍ മദ്യം ലഭിക്കും. ആദ്യ ദിവസം വാങ്ങുന്നവര്‍ അഞ്ചാമത്തെ ദിവസമേ ഇനി മദ്യം വാങ്ങാന്‍ സാധിക്കുകയുള്ളൂ. സാധാരണ ഫോണില്‍ നിന്ന് എസ്.എം.എസ് മുഖേനയും മദ്യം വാങ്ങാം. ഇന്നു മുതല്‍ ബാറുകള്‍ക്കും ഔട്‌ലെറ്റുകള്‍ക്കും ഓര്‍ഡര്‍ അനുസരിച്ചുള്ള മദ്യം വെയര്‍ഹൗസുകളില്‍ നിന്നു നല്‍കും. നേരത്തെ ലേബലിങ്ങ് അടക്കമുള്ള ക്രമീകരണങ്ങള്‍ ബെവ് കോ പൂര്‍ത്തിയാക്കിയിരുന്നു.
വൈകിട്ട് 3.30-ന് എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ മൊബൈല്‍ ആപ്പ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും. ആപ്പിന്റെ ഉപയോഗം സംബന്ധിച്ച വിശദമായ മാര്‍ഗരേഖ മന്ത്രി വ്യക്തമാക്കും എന്നാണ് അറിയുന്നത്. കൊച്ചി ആസ്ഥാനമായ ഫെയര്‍ കോഡ് എന്ന സ്ഥാപനമാണ് ആപ്പ് നിര്‍മ്മിക്കുന്നത്. സംസ്ഥാനത്തെ 303 ബെവ്‌കോ – കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലകളും സ്വകാര്യ ബാറുകളും വൈന്‍ പാര്‍ലറുകളും വഴി ആപ്പിലൂടെ ടോക്കണ്‍ ബുക്ക് ചെയ്ത് അടുത്തുള്ള മദ്യവില്‍പനശാലയിലെത്തി മദ്യം വാങ്ങാവുന്ന തരത്തിലാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്.