കൊല്ലം: ഉത്രയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നെന്ന് സമ്മതിച്ച് സൂരജ്. ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജിന്റെ കുറ്റസമ്മത മൊഴിയിൽ പറയുന്നു. 2020 ജനുവരിയിലാണ് ഉത്രയുടെ കുടുംബം വിവാഹമോചനമെന്ന ആവശ്യത്തിലേക്ക് കടന്നത്. സൂരജിന്റെ ഉപദ്രവവും സാമ്പത്തിക ചൂഷണവും സഹിക്കാതെ വയ്യാതായതോടെയാണ് വിവാഹമോചനത്തിലേക്ക് എത്താൻ കാരണം.
ജനുവരിയിൽ ഉത്രയെ സ്വന്തം വീട്ടിലേക്ക് തിരികെ കൊണ്ടുവരാൻ കുടുംബം അടൂരിലെ ഭർതൃവീട്ടിലെത്തി. എന്നാൽ അന്ന് സൂരജ് ഇനി പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് പറഞ്ഞ് ഇവരെ അനുനയിപ്പിക്കുകയായിരുന്നു. വിവാഹമോചനം നേടിയാൽ ഉത്രയുടെ കുടുംബം നൽകിയ പണവും സ്വർണ്ണവും തിരികെ നൽകേണ്ടിവരുമെന്ന് സൂരജ് ഭയന്നിരുന്നു. ഇതിനുപിന്നാലെയാണ് കൊലപാതകത്തിനുള്ള ആസൂത്രണം തുടങ്ങിയത്.
ഉത്രയെ കൊലപ്പെടുത്തി കുഞ്ഞിലൂടെ കൂടുതൽ പണം സ്വന്തമാക്കാൻ തീരുമാനിച്ചത്. ഉത്ര മരിച്ച് കുഞ്ഞ് തന്നോടൊപ്പം ഉണ്ടായാൽ ഉത്രയുടെ കുടുംബത്തിൽനിന്ന് കുഞ്ഞിന്റെ പേരുപറഞ്ഞ് കൂടുതൽ പണം കൈക്കലാക്കാനും സൂരജ് ലക്ഷ്യമിട്ടിരുന്നു.
ഇതിനിടെ, ഉത്രയ്ക്ക് രണ്ടാമത് പാമ്പ് കടിയേറ്റ ദിവസം രാത്രി സൂരജ് വീട്ടിലെ എല്ലാവർക്കും ജ്യൂസ് ഉണ്ടാക്കി നൽകിയിരുന്നു. ഉത്രയ്ക്കും മാതാപിതാക്കൾക്കും സഹോദരനും ജ്യൂസ് നൽകിയെങ്കിലും സൂരജ് ഇത് കുടിച്ചിരുന്നില്ല. അതിനാൽ ഉത്രയ്ക്ക് നൽകിയ ജ്യൂസിൽ എന്തെങ്കിലും മയക്കുഗുളികയോ മറ്റോ ചേർത്തിരിക്കാമെന്നാണ് സംശയം. ഇതിനാലാണ് പാമ്പ് കടിയേറ്റിട്ടും ഉത്ര ഉറക്കമുണരാതിരിക്കാൻ കാരണമെന്നും കരുതുന്നു. ഉത്രയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്തുവന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിച്ചേക്കും.