ചാലക്കുടി: കഴിഞ്ഞദിവസം നടന്ന എസ്എസ്എൽസി പരീക്ഷ എഴുതാൻ ഏറ്റവുമധികം ദൂരം സഞ്ചരിച്ചിട്ടുണ്ടാവുക ഈ വിദ്യാർത്ഥിനിയായിരിക്കും. കാടുംമേടും താണ്ടി 150 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാണ് ശ്രീദേവിയെന്ന പത്താംക്ലാസുകാരി പരീക്ഷയ്ക്ക് എത്തിയത്. ഏഴുകിലോമീറ്റർ കാട്ടിലൂടെ നടന്നും ബൈക്കിലും ആംബുലൻസിലുമായിരുന്നു യാത്ര. മലക്കപ്പാറയിൽനിന്ന് ഏകദേശം 70 കിലോമീറ്ററകലെ തമിഴ്‌നാട് വാൽപ്പാറ-പൊള്ളാച്ചി വഴിയിൽ വനമധ്യത്തിലുള്ള കാടമ്പാറ ആദിവാസി ഊരിൽ അച്ഛൻ ചെല്ലമുത്തുവിന്റെ വീട്ടിൽനിന്നാണ് ശ്രീദേവിയെത്തിയത്.
ആദിവാസി ഊരിൽനിന്ന് നായരങ്ങാടി മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെത്തിയപ്പോൾ പക്ഷെ അരമണിക്കൂർ വൈകി, എങ്കിലും ശ്രീദേവിയെ അധികൃതർ കാത്തിരിക്കുകയായിരുന്നു. ചോദ്യപേപ്പർ കൈമാറാൻ. ഇത്രദൂരം സഞ്ചരിച്ച് ചെക്ക് പോസ്റ്റടക്കം കടന്നെത്തിയ ശ്രീദേവിക്ക് പ്രത്യേക ക്ലാസ്മുറിയും ഒരുക്കിയിരുന്നു പരീക്ഷയെഴുതാൻ.
പരീക്ഷയ്ക്ക് മുന്നോടിയായി ശനിയാഴ്ച തന്നെ ചാലക്കുടി പട്ടികവർഗക്ഷേമ ഓഫീസറും സംഘവും മലക്കപ്പാറ മേഖലയിലെ ആദിവാസി കോളനികളിലെത്തി എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ എഴുതുന്ന കുട്ടികളെ പ്രത്യേക വാഹനങ്ങളിൽ ഹോസ്റ്റലുകളിൽ എത്തിച്ചിരുന്നു. അമ്മ കനകമ്മയുടെ വീടായ അടിച്ചിൽത്തൊട്ടി ഊരിലായിരുന്നു ആ സമയത്ത് ശ്രീദേവി. കുട്ടിയെ കാണാത്തതിനാൽ ബന്ധുക്കളോട് പരീക്ഷ തുടങ്ങുന്ന വിവരം അറിയിക്കാൻ ആവശ്യപ്പെട്ടു. പൊള്ളാച്ചി കരിമുട്ടി മലയിൽ റോഡിൽനിന്ന് ഏഴുകിലോമീറ്റർ അകലെ വനമധ്യത്തിലുള്ള വൈദ്യുതിപോലുമില്ലാത്ത ആദിവാസി ഊരിൽ മൊബൈൽഫോണിന് റെയ്ഞ്ചില്ല. അതിനാൽ വിവരം അറിയിക്കാനായില്ല. തൃശ്ശൂർ സോഷ്യൽ ഫോറസ്ട്രി അസി. കൺസർവേറ്റർ പിഎം പ്രഭുവിനെ ഈ പ്രദേശത്ത് പരിചയമുള്ള ഒരാൾ കുട്ടി അവിടെയുണ്ടെന്നറിയിച്ചു.
ചിന്നാറിലെ ഇക്കോടൂറിസം മാനേജരായ ധനുഷ്‌കോടിയുമായി ബന്ധപ്പെട്ട് ഒരു വാച്ചറെ ഊരിലേക്ക് അയച്ചു. ഞായറാഴ്ച വാച്ചർ ഊരിലെത്തി ഇവരുടെ വീട്ടിൽ വിവരം അറിയിച്ചു. വിവരമറിഞ്ഞതോടെ നാലുകിലോമീറ്റർ കാട്ടിലൂടെ അനിയനെയുംകൂട്ടി ഫോണിന് റെയ്ഞ്ചുള്ള സ്ഥലത്ത് എത്തി ശ്രീദേവി സ്‌കൂളിലെ ടീച്ചറെ വിളിച്ചു. പിന്നീട്, തേനെടുക്കാൻ കാട്ടിലുണ്ടായിരുന്ന അച്ഛനെ കണ്ടെത്തി വീട്ടിലെത്തിയത് തിങ്കളാഴ്ച രാത്രിയായിരുന്നു. ചൊവ്വാഴ്ച അതിരാവിലെ ഊരിൽനിന്ന് നടന്നാണ് യാത്ര തുടങ്ങിയത്. പിന്നീട് റോഡിൽനിന്ന് മലക്കപ്പാറവരെ ബന്ധുവിന്റെ ബൈക്കിലും പിന്നീട് വെറ്റിലപ്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ആംബുലൻസിലും യാത്ര തുടർന്നു.
മലക്കപ്പാറ ചെക്‌പോസ്റ്റിലെ ആരോഗ്യവകുപ്പ് അധികൃതർ ഇക്കാര്യം ഡിഎംഒ അടക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥരെ വിവരമറിയിച്ചതോടെ കുട്ടിയെ മലക്കപ്പാറയിലുള്ള ആംബുലൻസിൽ സ്‌കൂളിലെത്തിക്കാൻ തീരുമാനിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മലക്കപ്പാറയിൽനിന്ന് രണ്ടരയോടെ സ്‌കൂളിലെത്തി. പരീക്ഷയ്ക്കുശേഷം കുട്ടിയെ ഒറ്റയ്ക്ക് ഒരുമുറിയിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്.
Discussion about this post