തിരുവനന്തപുരം: അത്യാഹിത വിഭാഗത്തിലെത്തിക്കുന്ന രോഗികള്‍ക്ക് ന്യായീകരിക്കാനാകാത്ത കാരണങ്ങള്‍ കൊണ്ട് ചികിത്സ നിഷേധിച്ചാല്‍ ഡോക്ടര്‍ക്ക് 25000 രുപ പിഴയും ഒരു വര്‍ഷം തടവും നല്കാന് ശുപാര്‍ശ. അതോടൊപ്പം ആശുപത്രികളുടെ ലൈസന്‍സ് റദ്ദാക്കാനും ശുപാര്‍ശ ചെയ്യുന്ന കരട് ബില്‍ ജസ്റ്റിസ് കെടി തോമസ് അധ്യക്ഷനായ നിയമപരിഷ്കാര കമ്മിഷനാണ് തയ്യാറാക്കിയത്.
ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷം നിയമനിര്‍മാണത്തിലേക്ക് കടക്കും. ഇതുപ്രകാരം അടിയന്തര ചികിത്സവേണ്ട രോഗികളെ കൊണ്ടുപോകാന്‍ തയ്യാറാവാത്ത ആംബുലന്‍സ് ഉടമകള്‍ക്കും സമാനശിക്ഷ നല്കുന്നതിനെപ്പറ്റിയുളള നിയമനിര്‍മാണവും സര്‍ക്കാരിന്റെ പരിഗണനയിലാണ്.
ചാത്തന്നൂരില്‍ അപകടത്തില്‍പ്പെട്ട് കഴിഞ്ഞവര്‍ഷം നാഗര്‍കോവില്‍ സ്വദേശി മുരുകന് ചികിത്സകിട്ടാതെ മരിച്ച സംഭവത്തെത്തുടര്‍ന്നാണ് നിയമനിര്‍മാണത്തിന്റെ സാധ്യത കമ്മിഷന് പരിശോധിച്ചത്. കൊല്ലത്തെ മൂന്ന് സ്വകാര്യ ആശുപത്രികളിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ചികിത്സ നിഷേധിച്ചെന്നായിരുന്നു ആരോപണം. മുരുകന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിരുന്നു.
നിയമം പ്രാബല്യത്തില്‍ വന്നാല്‍ റോഡപകടങ്ങള്‍മുതല്‍ പ്രസവസംബന്ധമായ അടിയന്തര ചികിത്സയുള്‍പ്പെടെ അത്യാഹിത ചികിത്സയുടെ പരിധിയില്‍ വരും. ബില്‍ നിയമമായാല്‍, ചികിത്സയ്ക്ക് വിസമ്മതിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ഉണ്ടാകും.
പുതിയ നിയമ പ്രകാരം അത്യാഹിത വിഭാഗത്തിലെത്തിച്ച രോഗിക്കും ഗര്‍ഭിണിയാണെങ്കില്‍ അവര്‍ക്കും ഗര്‍ഭസ്ഥ ശിശുവിനും അപകടമില്ലെന്ന് ഉറപ്പാക്കിവേണം മറ്റ് ആശുപത്രികളിലേക്ക് മാറ്റാന്‍. അതോടൊപ്പം ജീവന് നിലനിര്‍ത്താന്‍ സാധ്യമായത് ചെയ്തുവെന്ന് ഉറപ്പു വരുത്തിയിരിക്കണം.
ആശുപത്രിക്ക് സ്വന്തം ആംബുലന്‍സ് ഇല്ലെങ്കില്‍ സ്വകാര്യ ആംബുലന്‍സുകളുടെയോ എജന്‍സികളുടെയോ പോലീസിന്റെയോ സഹായം തേടാം. അങ്ങനെ ആവശ്യപ്പെട്ടാല്‍ ആംബുലന്‍സുകള്‍ നല്‍കണം.
Discussion about this post