കൊച്ചി: വന്ദേ ഭാരത് മിഷന്റെ ഭാഗമായി യുഎഇയില്‍നിന്ന് ഇന്ന് കേരളത്തിലെത്തുക ആയിരത്തിലേറെ പ്രവാസികള്‍. ദുബായിയില്‍നിന്നും അബുദാബിയില്‍നിന്നും മൂന്നുവീതം വിമാനങ്ങളാണ് ഇന്ന് കേരളത്തില്‍ എത്തുന്നത്. ദുബായിയില്‍നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ഇന്ത്യാ എക്സ്പ്രസ് ഐഎക്സ് 1434 വിമാനം പ്രാദേശികസമയം രാവിലെ 11.50ന് പുറപ്പെടും.
ദുബായ്-കണ്ണൂര്‍ എയര്‍ഇന്ത്യാ എക്സ്പ്രസ് ഐഎക്സ് 1746 ഉച്ചയ്ക്ക് 12.50നാണ് പുറപ്പെടുക. ദുബായ്-കോഴിക്കോട് ഐഎക്സ് 1344 ഉച്ചതിരിഞ്ഞ് 3.20ന് യാത്ര തിരിക്കും. അബുദാബി-കോഴിക്കോട് ഐഎക്സ് 1348 ഉച്ചയ്ക്ക് 12.20നും അബുദാബി-കൊച്ചി ഐഎക്സ് 1452 ഉച്ചയ്ക്ക് 1.50നും അബുദാബി-തിരുവനന്തപുരം ഐഎക്സ് 1538 ഉച്ചതിരിഞ്ഞ് 3.20നുമാണ് പുറപ്പെടുക. ഇതിനു പുറമെ അബുദാബിയില്‍നിന്ന് രാവിലെ 11.25ന് എയര്‍ഇന്ത്യാ എക്സ്പ്രസ് ഐഎക്സ് 1116 വിമാനം അമൃത്സറിലേക്കും അവിടെനിന്ന് ഡല്‍ഹിയിലേക്കും സര്‍വീസ് നടത്തുന്നുണ്ട്.
അതേസമയം എയര്‍പോര്‍ട്ടിലെ ക്രമീകരണങ്ങള്‍ക്ക് അനുസരിച്ച് വിമാനങ്ങള്‍ പുറപ്പെടുന്ന സമയത്തില്‍ നേരിയ വ്യത്യാസമുണ്ടാകാം എന്നാണ് അധികൃതര്‍ അറിയിച്ചത്. ദുബായ്, അബുദാബി അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ കൊവിഡ് റാപ്പിഡ് ടെസ്റ്റും തെര്‍മല്‍ സ്കാനിങും ഉണ്ടായിരിക്കും.
യാത്രക്കാര്‍ നാല് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തണമെന്നാണ് അധികൃതര്‍ അറിയിച്ചത്. 27 ആഴ്ചയോ അതില്‍ കൂടുതലോ ആയ ഗര്‍ഭിണികള്‍ 72 മണിക്കൂര്‍ വരെ സാധുതയുള്ള ഫിറ്റ് ടു ഫ്ളൈ സര്‍ട്ടിഫിക്കറ്റ് കരുതണം. ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരും എംബസി ഉദ്യോഗസ്ഥരും വിമാനത്താവളത്തില്‍ നേരിട്ടെത്തി യാത്രക്കാര്‍ക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കും. തൊഴില്‍നഷ്ടപ്പെട്ടവര്‍, രോഗികള്‍, ഗര്‍ഭിണികള്‍, സന്ദര്‍ശകര്‍ തുടങ്ങിയവര്‍ക്കാണ് ഇത്തവണയും മടക്കയാത്രയില്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്.
Discussion about this post