തിരുവനന്തപുരം: രജിസ്റ്റര്‍ ചെയ്യാതെ കേരളത്തിലേക്ക് വരുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രജിസ്റ്റര്‍ ചെയ്യാതെ കേരളത്തിലേക്ക് വരുന്നവര്‍ക്ക് കനത്ത പിഴ ഈടാക്കും. ഇവര്‍ക്ക് 28 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനും ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മലയാളികള്‍ക്ക് സംസ്ഥാനത്തേക്ക് തിരികെ വരാനുള്ള പാസിന്റെ മറവില്‍ തമിഴ്നാട്ടില്‍ നിന്ന് കെട്ടിട നിര്‍മാണ തൊഴിലാളികള്‍ വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കുറുക്കുവഴികളിലൂടെ ആളുകളെത്തിയാല്‍ രോഗവ്യാപനം നിയന്ത്രിക്കാനാകില്ല. സംസ്ഥാനത്തേക്കുള്ള വരവ് വ്യവസ്ഥാപിതം ആകണമെന്നതില്‍ കൂടുതല്‍ കര്‍ക്കശമായ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന അതിര്‍ത്തി കടന്ന് സ്ഥിരമായി പോയിവരേണ്ടവര്‍ക്ക് നിശ്ചിത കാലയളവിലേക്കുള്ള പാസ് നല്‍കും. ധാരാളംപേര്‍ സന്നദ്ധപ്രവര്‍ത്തകരായി രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ ഒരു വിഭാഗത്തെ പോലീസിനൊപ്പം പോലീസ് വളണ്ടിയര്‍മാരായി നിയോഗിക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണം നടപ്പാക്കുന്നതിന് പോലീസിനെ സഹായിക്കാന്‍ ഇവരുടെ സേവനം ലഭ്യമാക്കും. രണ്ട് പോലീസുകാരടങ്ങിയ സംഘത്തോടൊപ്പം ഒരു വളണ്ടിയര്‍ എന്ന നിലയിലാകും പ്രവര്‍ത്തനം. ഇവര്‍ക്ക് പ്രത്യേക ബാഡ്ജ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post