കൊല്ലം: കൊല്ലം അഞ്ചലിൽ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ കുഞ്ഞിനെ ഭർത്താവ് സൂരജിന്റെ വീട്ടിൽനിന്ന് പോലീസ് ഏറ്റെടുത്തു. ചൊവ്വാഴ്ച രാവിലെ അടൂരിലെ പറക്കോട്ടെ വീട്ടിലെത്തിയ അഞ്ചൽ പോലീസ് സംഘമാണ് സൂരജിന്റെ മാതാപിതാക്കളിൽനിന്ന് കുഞ്ഞിനെ ഏറ്റെടുത്തത്.
വൈദ്യപരിശോധനയ്ക്ക് ശേഷം കുഞ്ഞിനെ അഞ്ചൽ പോലീസ് ഉത്രയുടെ മാതാപിതാക്കൾക്ക് കൈമാറും. അടൂർ താലൂക്ക് ആശുപത്രിയിലാണ് കുഞ്ഞിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുക. അഞ്ചൽ പോലീസ് സ്റ്റേഷനിൽ എത്തി ഉത്രയുടെ മാതാപിതാക്കൾ കുഞ്ഞിനെ വാങ്ങും.
സൂരജ് ഉത്രയെ കൊലപ്പെടുത്തിയതാണെന്ന് കുറ്റം സമ്മതിച്ചതോടെയാണ് കഴിഞ്ഞ ദിവസം കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കൾക്ക് കൈമാറാൻ ശിശുക്ഷേമ സമിതി ഉത്തരവിട്ടത്. എന്നാൽ തിങ്കളാഴ്ച രാത്രി അടൂർ പോലീസ് കുഞ്ഞിനെ തേടി സൂരജിന്റെ വീട്ടിലെത്തിയെങ്കിലും കുഞ്ഞിനെയും സൂരജിന്റെ അമ്മയെയും കണ്ടെത്താനായില്ല. പിന്നീട് ചൊവ്വാഴ്ച രാവിലെയാണ് സൂരജിന്റെ മാതാപിതാക്കൾ ബന്ധുവീട്ടിൽനിന്ന് കുഞ്ഞുമായി സ്വന്തം വീട്ടിലെത്തിയത്.
അതേസമയം, ഇനി കുഞ്ഞിനെ പരിപാലിക്കില്ലെന്നും സൂരജിനെ കള്ളക്കേസിൽ കുടുക്കിയതാണെന്നും സൂരജിന്റെ അമ്മ രേണുക ആവർത്തിച്ചു. കുഞ്ഞിനെ പോലീസിന് കൈമാറുന്നതിനിടെ വൈകാരിക രംഗങ്ങളും വീട്ടിലുണ്ടായി.
Discussion about this post