അഞ്ചൽ: കൊല്ലം അഞ്ചൽ ഏറം വെള്ളശ്ശേരിൽ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കോസിലെ പ്രതിയായ സൂരജിന്റെ ഭാഗം ന്യായീകരിച്ച് അമ്മ രേണുക. തന്റെ മകൻ നിരപരാധിയാണെന്ന് ആവർത്തിച്ച രേണുക തങ്ങളുടെ ഭാഗം കേൾക്കാൻ ആരുമില്ലാത്ത സ്ഥിതിയാണെന്നും ആരോപിച്ചു. സ്വകാര്യമാധ്യമത്തോടായിരുന്നു രേണുകയുടെ പ്രതികരണം.
ഉത്രയുടെ അമ്മ അടുത്ത മാസം വിരമിക്കുമ്പോൾ 65 ലക്ഷം രൂപയോളം ലഭിക്കും. അത് രണ്ട് മക്കളുടെ പേരിലും നൽകുമെന്ന് പറഞ്ഞിരുന്നു. അങ്ങനെയിരിക്കെ ഉത്രയെ കൊല്ലാൻ അവൻ നോക്കുമോ എന്ന് രേണുക ചോദിച്ചു. ഉത്രയുടെ വീട്ടുകാരുടെ മൂന്നേക്കർ എവിടെയാണെന്ന് പോലും ചോദിച്ചില്ല. അതവരുടെ പേരിൽ എഴുതിവെക്കാത്തതെന്തെന്ന് പോലും ചോദിച്ചിട്ടില്ലെന്നും രേണുക അവകാശപ്പെട്ടു.
അതേസമയം, ഉത്രയുടെ സഞ്ചയന ദിവസം ഇരുവീട്ടുകാരും തമ്മിൽ തർക്കമുണ്ടായിരുന്നതായും രേണുക വെളിപ്പെടുത്തി.
സഞ്ചയനത്തിന്റെ അന്ന് വൈകുന്നേരം മുതലിനെ ചൊല്ലി തർക്കമുണ്ടായി. ഉത്രയുടെ അച്ഛനും മകനും തന്നെ തല്ലി. വനിതാ കമ്മീഷനിൽ പരാതി നൽകിയിട്ട് ഒരന്വേഷണവും ഉണ്ടായില്ലെന്നും അവർ ആരോപിച്ചു.
ഉത്രയ്ക്ക് ആദ്യത്തെ തവണ പാമ്പ് കടിയേറ്റ അന്ന് രാത്രി 9ന് തലവേദന എടുക്കുന്നെന്ന് പറഞ്ഞിരുന്നു. പക്ഷെ പാമ്പ് കടിച്ച കാര്യം ഉത്ര പറഞ്ഞിരുന്നില്ല. പറയാതെ തങ്ങളെങ്ങനെ അറിയുമെന്നും രേണുക ചോദിക്കുന്നു. പിന്നീട് രാത്രി 1 മണിക്ക് ചെന്നു നോക്കിയപ്പോൾ ചെറിയ പാടു കണ്ടു. ചോര ഉണങ്ങി കിടക്കുന്നുണ്ടായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ടു പോയി. ഉത്രയുടെ വീട്ടുകാർ വരുന്നത് വരെ കാത്തു നിന്നില്ലെന്നും രേണുക പറഞ്ഞു.
പാമ്പ് കടിച്ച് ശസ്ത്രക്രിയ ചെയ്തതിനാൽ എസിയിൽ കിടക്കാൻ ഉത്രയ്ക്ക് ആകുമായിരുന്നില്ല. രക്തസമ്മർദ്ദം കുറയും. അതുകൊണ്ട് എസിയിട്ട് അടച്ചിട്ട മുറിയിൽ പാമ്പ് കയറി എന്ന ആരോപണം വിലപ്പോവില്ലെന്നും രേണുക പറഞ്ഞു.
Discussion about this post