മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് പൊളിച്ചതില്‍ മലയാള സിനിമാ ലോകത്ത് നിന്നും വലിയ തോതിലാണ് പ്രതിഷേധങ്ങള്‍ ഉയരുന്നത്. ഇപ്പോഴും പ്രതിഷേധം വന്നുകൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനായ ഡോ. ബിജു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്.
ഇത് ക്രിമിനല്‍ പ്രവര്‍ത്തനം ആണ്, അതില്‍ കുറഞ്ഞ മറ്റൊന്നുമല്ല. ഈ അക്രമികള്‍ക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കും എന്നാണ് കരുതുന്നതെന്ന് ബിജു കുറിച്ചു. ഇമ്മാതിരി തോന്നിവാസങ്ങള്‍ മതത്തിന്റെ പേരില്‍ വെച്ചുപൊറുപ്പിക്കാനാവില്ല എന്ന കര്‍ശന നിലപാട് അടുത്ത മണിക്കൂറുകളില്‍ തന്നെ സര്‍ക്കാരില്‍ നിന്നും ഉണ്ടാകണം. ഭാവിയില്‍ പൊളിക്കപ്പെടാനിടയുള്ള ക്രിസ്ത്യന്‍ , മുസ്ലിം പള്ളികളെ സംരക്ഷിക്കണമെങ്കില്‍ നടപടികള്‍ തുടക്കത്തിലേ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
മിന്നൽ മുരളി എന്ന സിനിമയുടെ സെറ്റ് ബജ്റംഗദൾ പ്രവർത്തകർ തകർത്തിരുന്നു . കേരളത്തിൽ ആണ് .. ഇനിയും നേരം വെളുത്തിട്ടില്ലാത്ത നിഷ്പക്ഷർ ഉറക്കം ഉണരുന്നത് നന്ന് . .. ഇത് ക്രിമിനൽ പ്രവർത്തനം ആണ് . അതിൽ കുറഞ്ഞ മറ്റൊന്നുമല്ല .ഈ അക്രമികൾക്ക് എതിരെ സംസ്ഥാന സർക്കാർ കടുത്ത നടപടികൾ ഉടൻ തന്നെ സ്വീകരിക്കും എന്നാണ് കരുതുന്നത് . സിനിമയുടെ പ്രവർത്തകരിൽ നിന്നും ഫോർമൽ കംപ്ലയിന്റ് കിട്ടാൻ പോലും കാത്തിരിക്കരുത് .
തങ്ങൾ എന്ത് ചെയ്താലും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ തങ്ങളെ ഒന്നും ചെയ്യില്ല എന്ന ഈ ക്രിമിനലുകളുടെ ബോധ്യവും ഹുങ്കും ആണ് ഇത്ര പരസ്യമായി ഇത്തരത്തിൽ ഒരു പ്രവർത്തിക്ക് അവർ മുതിർന്നത് . കടുത്ത നടപടികൾ തന്നെ എടുത്തില്ലെങ്കിൽ നാളെ അവർ യഥാർത്ഥ പള്ളികൾക്ക് നേരെയും തിരിയും . ഇമ്മാതിരി തോന്നിവാസങ്ങൾ മതത്തിന്റെ പേരിൽ വെച്ചു പൊറുപ്പിക്കാനാവില്ല എന്ന കർശന നിലപാട് അടുത്ത മണിക്കൂറുകളിൽ തന്നെ സർക്കാരിൽ നിന്നും ഉണ്ടാകണം . ഭാവിയിൽ പൊളിക്കപ്പെടാനിടയുള്ള ക്രിസ്ത്യൻ , മുസ്ലിം പള്ളികളെ സംരക്ഷിക്കണമെങ്കിൽ നടപടികൾ തുടക്കത്തിലേ ഉണ്ടാകണം ..
ഏതായാലും അക്രമികൾ തന്നെ തങ്ങളുടെ ഫോട്ടോ ഉൾപ്പെടെ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടു അക്രമം സമ്മതിച്ചത് കൊണ്ടും കൂട്ട് പ്രതികളുടെ പേരുകൾ പറഞ്ഞിട്ടുള്ളത് കൊണ്ടും പോലീസിന് കാര്യങ്ങൾ എളുപ്പമാണല്ലോ . ഇത് അവരുടെ മണ്ടത്തരമാണ് എന്ന് വിലയിരുത്തുന്നവർക്ക് തെറ്റി . ഇത് അവരുടെ ആത്മ വിശ്വാസമാണ് . കേരളത്തിലെ നിയമ സംവിധാനത്തെ പരസ്യമായി വെല്ലുവിളിച്ചിരിക്കുക ആണ് . ഇവിടുത്തെ നിയമ സംവിധാനത്തിന് തങ്ങളെ തൊടാൻ പറ്റില്ല എന്ന പ്രഖ്യാപനം ആണ് . ഇതിനെയാണ് നമ്മൾ അഡ്രസ്സ് ചെയ്യേണ്ടത് . ഈ തോന്നലിനെയാണ് സർക്കാർ പ്രാഥമികമായി നിലയ്ക്ക് നിർത്തേണ്ടത് .
നിർമാതാവ് സോഫിയ പോളിനും , സംവിധായകൻ ബേസിൽ ജോസഫിനും ഒപ്പം ..നിങ്ങളുടെ സെറ്റ് മാത്രമേ ഈ ക്രിമിനൽ കൂട്ടത്തിനു തകർക്കാൻ പറ്റൂ .. നിങ്ങളുടെ ക്രിയേറ്റിവിറ്റിയെ ഒന്ന് തൊടാൻ പോലും ഇമ്മാതിരി വിവരംകെട്ട കൂട്ടത്തിനു സാധിക്കില്ല …
Discussion about this post