കൊല്ലം: അഞ്ചലിലെ ഉത്ര വധക്കേസില്‍ തനിയ്ക്ക് ഒരു പങ്കുമില്ലെന്ന് രണ്ടാംപ്രതി സുരേഷ്. തന്നെ കള്ളക്കേസില്‍ കുടുക്കുകയാണ്. ഗൂഢാലോചനയിലോ കൊലപാതകത്തിലോ ഒരു പങ്കുമില്ല.
തനിക്ക് 18 വയസ്സുള്ള ഒരു മകളുണ്ട്. തന്റെ മോളാണ് ഇതിനെല്ലാം അനുഭവിക്കേണ്ടിവരുന്നത്. ദൈവത്തിന്റെ കോടതിയില്‍ തനിക്ക് മാപ്പ് തരുമെന്നും കോടതിവളപ്പില്‍ വച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് സുരേഷ് പറഞ്ഞു.
എന്തിനാണ് കേസില്‍ കുടുക്കിയതെന്ന് അറിയില്ല. പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് പാമ്പിനെ വാങ്ങിയത്. കള്ളക്കേസില്‍ കുടുക്കുന്നവരോട് ദൈവം പോലും പൊറുക്കില്ല. കോടതിയില്‍ ഹാജരാക്കി പുറത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് സുരേഷിന്റെ പ്രതികരണം. താന്‍ നിരപരാധിയാണെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സുരേഷ് അലറിക്കരഞ്ഞ് കൊണ്ട് പറഞ്ഞു.
സൂരജിന് പാമ്പിനെ നല്‍കിയത് പാമ്പുപിടിത്തക്കാരനായ കല്ലുവാതുക്കല്‍ സുരേഷാണ്. ഉത്ര വധക്കേസിലെ മുഖ്യപ്രതി സൂരജ്, കൂട്ടുപ്രതി സുരേഷ് എന്നിവരെ നാല് ദിവസത്തേക്കാണ് പുനലൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
മെയ് 29 ന് വൈകീട്ട് 4.30 ന് മുമ്പായി ഇരുവരെയും കോടതിയില്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം. ആറ് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയതെങ്കിലും നാല് ദിവസം മാത്രമേ കോടതി അനുവദിച്ചുള്ളൂ. എന്തായാലും കോടതിയുടെ ഉത്തരവ് അനുകൂലമാണെന്നാണ് പോലീസിന്റെ പ്രതികരണം. വരുംദിവസങ്ങള്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനുമാണ് പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്.
Discussion about this post