തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്മെന്റ് അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ടിയിരുന്ന പദ്ധതികളില്‍ ഭൂരിഭാഗവും നാലുവര്‍ഷത്തിനകം പൂര്‍ത്തിയായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തുടരെത്തുടരെ വന്ന പ്രകൃതിക്ഷോഭവും മഹാമാരികളും കേരളത്തിന്റെ വികസനത്തെ തളര്‍ത്തിയിട്ടില്ല എന്നത് ഈ ഘട്ടത്തില്‍ അഭിമാനപൂര്‍വം പറയാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ വികസ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
2017 നവംബര്‍ അവസാനമാണ് ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. തുടര്‍ന്ന് 2018 മെയ് മാസത്തില്‍ നിപ വൈറസ് ബാധ വന്നു. രണ്ട് ദുരന്തങ്ങളെയും അതിജീവിക്കാന്‍ നമ്മുടെ സംവിധാനങ്ങളാകെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. 2018 ആഗസ്തില്‍ വന്ന പ്രളയം എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കുന്നതായിരുന്നു. നൂറ്റാണ്ടിന്റെ ഏറ്റവും വലിയ പ്രളയം നമ്മുടെ വികസന പ്രതീക്ഷകള്‍ക്കും കുതിച്ചുചാട്ടത്തിനും വിഘാതമായപ്പോള്‍ ലോകത്താകെയുള്ള കേരളീയസമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കാന്‍ സഹായഹസ്തവുമായി മുന്നോട്ടുവന്നു.
പ്രളയദുരന്തത്തില്‍നിന്ന് അതിജീവിക്കാന്‍ നമ്മളാകെ ശ്രമിക്കുമ്പോഴാണ് തൊട്ടടുത്ത വര്‍ഷം വീണ്ടും പ്രളയം വന്നത്. ഇപ്പോഴിതാ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത വെല്ലുവിളിയുയര്‍ത്തി കൊവിഡ് 19. ഇതിനെയെല്ലാം അതിജീവിക്കുക എന്നത് സാധാരണ നിലയില്‍ പ്രയാസമേറിയ കാര്യമാണ്. എന്നാല്‍, ഈ പ്രതിബന്ധങ്ങളെ തരണംചെയ്ത് ലോകത്തിനും രാജ്യത്തിനും മാതൃകയാകുന്ന മുന്നേറ്റം വ്യത്യസ്ത മേഖലകളില്‍ നേടാന്‍ നമുക്ക് കഴിഞ്ഞിരിക്കുന്നു.
മറ്റെല്ലാ ലക്ഷ്യങ്ങള്‍ക്കുമൊപ്പം ദുരന്തനിവാരണം എന്ന സുപ്രധാന ചുമതല കഴിഞ്ഞ നാലുവര്‍ഷവും നമുക്ക് ഏറ്റെടുക്കേണ്ടിവന്നു. പ്രതിസന്ധികളോട് പൊരുതിയാണ് ഓരോ വര്‍ഷവും പിന്നിട്ടത്. ഒരു ഘട്ടത്തിലും നാം പകച്ചുനിന്നില്ല; ലക്ഷ്യങ്ങളില്‍നിന്ന് തെന്നിമാറിയിട്ടുമില്ല. ജനങ്ങളുടെ ഒരുമയും സാഹോദര്യവുമാണ് നമ്മുടെ സംസ്ഥാനത്തിന്റെ അതിജീവനത്തിന്റെ പ്രധാന ശക്തിസ്രോതസ്സായി മാറിയത്.
തെരഞ്ഞെടുപ്പ് പ്രകടനപത്രിക ചിലര്‍ക്ക് തെരഞ്ഞെടുപ്പ് രംഗത്ത് വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ താല്‍ക്കാലികമായി കബളിപ്പിച്ച് വോട്ടുതേടാനുള്ള അഭ്യാസമാണ്. വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതല്ല എന്ന് തുറന്നുപറയുന്ന ശീലം കണ്ടവരാണ് നാം. എല്‍ഡിഎഫിന്റെ സമീപനം വ്യത്യസ്തമാണ്. ജനങ്ങളോട് പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കാനുള്ളതാണ്. അതുകൊണ്ടാണ് എല്ലാവര്‍ഷവും ചെയ്ത കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുന്നത്. നാലാം വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കകം പ്രസിദ്ധീകരിക്കും. ഇങ്ങനെ സുതാര്യമായ ഭരണനിര്‍വഹണം ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്മെന്റിന്റെ സവിശേഷതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post