കോഴിക്കോട്: കൊറോണ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന 63കാരിയുടെ നില ഗുരുതരമായി തുടരുന്നു. വൈറല്‍ ന്യൂമോണിയകൂടി ബാധിച്ചതോടെയാണ് ധര്‍മ്മടം സ്വദേശിയുടെ ആരോഗ്യനില ഗുരുതരമായത്.
പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. അതേ സമയം ഇവര്‍ക്ക് എവിടെനിന്നാണ് കൊറോണ വൈറസ് ബാധിച്ചതെന്നതില്‍ കൃത്യമായ സൂചന ഇതുവരെ ആരോഗ്യവകുപ്പിന് ലഭിച്ചിട്ടില്ല.
നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കൊറോണ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണ് ഇവരുള്ളത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 5 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇവരെല്ലാവരും ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ്.
കൊറോണ ബാധിച്ച് ചികിത്സയിലിരിക്കെ വയനാട് സ്വദേശി ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചിരുന്നു. മരിച്ച ആമിന ക്യാന്‍സര്‍ രോഗബാധിതയായിരുന്നു. വിദേശത്ത് ചികിത്സയിലിരിക്കെ അസുഖം ഗുരുതരമായതിനെ തുടര്‍ന്നാണ് ഇവര്‍ നാട്ടിലെത്തിയത്.
Discussion about this post