കൊച്ചി: മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് രാഷ്ട്രീയ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ മിന്നല്‍ മുരളിയുടെ സെറ്റ് കാലടി മണപ്പുറത്ത് പൊളിച്ചുനീക്കിയ സംഭവം ഇതിനോടകം തന്നെ വലിയ വിവാദമായി മാറിയിരിക്കുകയാണ്. എഎച്ച്പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് സെറ്റ് പൊളിച്ചുനീക്കിയെന്ന് ഫേസ്ബുക്കില്‍ അവകാശപ്പെട്ടത്.
‘കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നില്‍, ഇത്തരത്തില്‍ ഒന്ന് കെട്ടിയപ്പോള്‍ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്, പരാതികള്‍ നല്‍കിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാന്‍ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കും, മാതൃകയായി പ്രവര്‍ത്തകര്‍ക്ക് ഒപ്പം നേതൃത്വം നല്‍കിയ രാഷ്ട്രീയ ബജ്‌റംഗദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിനും അഭിനന്ദനങ്ങള്‍. മഹാദേവന്‍ അനുഗ്രഹിക്കട്ടെ’. എന്നായിരുന്നു ഹരി പാലോടിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സംഭവം വിവാദമായതോടെ നിരവധി പേരാണ് പ്രതിഷേധിച്ച് രംഗത്തെത്തിയത്. ഹരി പാലോടിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് പലരും പ്രതികരിച്ചു. ഒരു സിനിമാ സെറ്റ് അല്ലെ അത്, അതില്‍ മതങ്ങളുടെ പേര് വലിച്ചിഴക്കണോ എന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം ചോദിക്കുന്നു.
എന്തും പൊളിച്ചാണ് ശീലം, ഇന്ത്യാ മഹാരാജ്യം വരെ പൊളിച്ചടുക്കി, പിന്നാ ഒരു ഷൂട്ടിങ് സെറ്റ് എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. സംഭവം ദൗര്‍ഭാഗ്യകരമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന പ്രതികരിച്ചു. നിര്‍മ്മാതാക്കളുടെ സംഘടനയുമായി ആലോചിച്ച് കൂടുതല്‍ നടപടികള്‍ എടുക്കും എന്നാണ് സിനിമയുടെ നിര്‍മ്മാതാവും പ്രതികരിച്ചത്.
നിരവധി സിനിമതാരങ്ങളും പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിന്നല്‍ മുരളി. ലക്ഷങ്ങള്‍ മുടക്കി കഴിഞ്ഞ മാര്‍ച്ചിലാണ് മനോഹരമായ സെറ്റ് നിര്‍മ്മിച്ചത്. എന്നാല്‍ കൊവിഡ് 19 ലോക്ക് ഡൗണ്‍ കാരണം ഷൂട്ടിംഗ് നീളുകയായിരുന്നു.
Discussion about this post