തിരുവനന്തപുരം: കവിതാ വിവാദത്തില്‍ ദീപാ നിശാന്തിനെതിരെ എന്‍എസ് മാധവന്. ‘കണകുണ പറയാതെ ദീപാ നിശാന്ത് കലേഷിനോട് മാപ്പ് പറയണമെന്ന്’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കവിതാ മോഷണം ചര്‍ച്ചയായതിനു പിന്നാലെയാണ് സാഹിത്യ ലോകത്ത് നിന്ന നിരവധിയാളുകള്‍ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയത്.
നേരത്തെ തന്റെ കവിത കോപ്പിയടിച്ചെഴുതിയതാണെന്ന് പറയാന്‍ ദീപാ നിശാന്ത് തയ്യാറായില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കമെന്ന് യുവകവി കലേഷും പറഞ്ഞിരുന്നു. ഏഴു വര്‍ഷം മുമ്പെഴുതിയ കവിത സ്വന്തമാണെന്ന് സ്ഥാപിക്കേണ്ട ഗതികേടിലാണ് താനെന്നും തന്റെ കവിത മോഷ്ടിച്ച് വികലമാക്കിയട്ടും ദീപ നിശാന്തിന്റെ നിലപാടുകള്‍ വേദനിപ്പിക്കുന്നതായും കലേഷ് പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് എന്‍എസ് മാധവന് ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ പ്രതികരിച്ചത്. 2011ലാണ് ‘അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ’ എന്ന കവിത കലേഷ് എഴുതുന്നത്. എന്നാല്‍ എകെപിസിറ്റിഎ മാഗസിനില്‍ ദീപയുടെ ചിത്രം സഹിതം കവിത അച്ചടിച്ച് വരികയായിരുന്നു. ശബ്ദമഹാസമുദ്രം എന്ന കവിതാ സമാഹാരത്തില്‍ പ്രസിദ്ധീകരിച്ച തന്റെ കവിതയുടെ ചിത്രങ്ങള്‍ സഹിതമാണ് കലേഷ് ആരോപണവുമായി രംഗത്തെത്തിയത്.
എന്നാല്‍, വിവാദമായതോടെ കവിത തന്റേതല്ലെന്നും മറ്റൊരാള്‍ നല്‍കിയതാണെന്നും ദീപ വ്യക്തമാക്കിയിരുന്നു. തന്നെ ട്രാപ്പിലാക്കിയതാണെന്നും വിശദീകരണം നല്‍കിയിരുന്നു. ശ്രീചിത്രനാണ് ദീപയ്ക്ക് കവിത നല്‍കിയതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
Discussion about this post