കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളി സിനിമാ ഷൂട്ടിങ്ങിന് വേണ്ടി നിര്‍മ്മിച്ച പടുകൂറ്റന്‍ പള്ളിയുടെ സെറ്റ് തകര്‍ത്ത് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍.
സെറ്റ് ക്ഷേത്രത്തിനു മുന്നില്‍ ആണെന്നാണ് ഇവരുടെ ആരോപണം. എഎച്ച്പി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഹരി പാലോട് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി കാലടിയില്‍ 80 ലക്ഷം മുതല്‍ മുടക്കില്‍ നിര്‍മ്മിച്ചതാണ് പടുകൂറ്റന്‍ പള്ളിയുടെ സെറ്റ്. എന്നാല്‍ ലോക്ക് ഡൗണ്‍ മൂലം ചിത്രത്തിന്റെ ഷൂട്ടിംഗ് ഇവിടെ ആരംഭിക്കുവാന്‍ കഴിഞ്ഞില്ല. വലിയ തുക മുടക്കി ഒരുക്കിയ സെറ്റ് വര്‍ക്കില്‍ ഇനി എന്ന് ഷൂട്ട് ചെയ്യാന്‍ സാധിക്കും എന്ന ആശങ്കയിലായിരുന്നു പ്രവര്‍ത്തകര്‍.
അതിനിടയിലാണ് കാലടി മഹാദേവ ക്ഷേത്രത്തിന്റെ മുന്നില്‍ പള്ളിയുടെ സെറ്റ് പണിതു എന്നാരോപിച്ച് സെറ്റ് മുഴുവനായും അടിച്ച് തകര്‍ത്തിരിക്കുകയാണ് ബജ്റംഗ്ദള്‍. കൊറോണ ഭീതി മാറി ഷൂട്ടിംഗ് പുനരാരംഭിക്കുബോള് വീണ്ടും ഇത്രയും തുക മുടക്കി സെറ്റ് പുനര്‍നിര്‍മ്മിക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ക്ക് ഉള്ളത്.
Discussion about this post